സച്ചിന്‍ പറഞ്ഞ കാര്യത്തിന് ഇന്ത്യന്‍ ടീമിനെ കിട്ടില്ല: ധോണി

തിങ്കള്‍, 2 മാര്‍ച്ച് 2015 (12:06 IST)
വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മത്സര ഷെഡ്യൂളുകള്‍ക്കിടയില്‍ യുഎഇ അടക്കമുള്ള ചെറിയ ടീമുകളെ മെച്ചെപ്പെടുത്താന്‍ ഇന്ത്യക്ക് സമയമില്ലെന്ന് ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ചെറിയ ടീമുകളെ ലോകത്ത നിലവാരത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഇന്ത്യന്‍ നായകന്‍ മനസ് തുറന്നത്.

അസോസിയേറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റിന്റെ മുന്‍ നിരയിലേക്ക് എത്തുമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇന്ത്യക്ക് അവരെ സഹായിക്കാന്‍ സാധിക്കില്ല, കാരണം ഇന്ത്യന്‍ ടീമിന്റെ മത്സര ഷെഡ്യൂളുകള്‍ അത്തരത്തിലുള്ളതാണ്. ഇപ്പോഴത്തെ നിലയില്‍ വര്‍ഷത്തില്‍ ഒന്‍പതര മാസവും ഇന്ത്യക്ക് മത്സരങ്ങളുണ്ട്. ഇതിനിടയില്‍ ഐപിഎല്ലും ചാമ്പ്യന്‍സ് ലീഗ് ടി20യും കളിക്കുന്നു. എന്നിട്ടും മറ്റ് ടീമുകള്‍ കളിക്കുന്ന അത്ര തന്നെ ടെസ്റ്റും ഏകദിനവും ഇന്ത്യ കളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇന്ത്യ അസോസിയേറ്റ് രാജ്യങ്ങളെ സഹായിക്കേണ്ടതെന്നും ധോണി പറഞ്ഞു.

മുന്‍ നിര താരങ്ങള്‍ തന്നെയാണ് ഈ മത്സരങ്ങളെല്ലാം കളിക്കുന്നത്. അതിനാല്‍ താരങ്ങള്‍ക്ക് പരുക്ക് ഉണ്ടാകുന്നത് നിത്യസംഭവമായി. ദേശീയ ടീമിനുവേണ്ടി കളിക്കാത്ത സമയത്ത് അവരെ സംസ്ഥാന ടീമില്‍ കളിക്കാന്‍ വിളിക്കുന്നു. ഇത്രയും ടെന്‍ഷനും ഭാരവും പേറുന്ന താരങ്ങളെ കൊണ്ട് എങ്ങനെയാണ് മറ്റ് മത്സരങ്ങള്‍ കളിപ്പിക്കുക എന്നും ധോണി ചോദിച്ചു. നേരത്തെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക