ഐപിഎല്‍ ഒത്തുകളിയില്‍ പങ്കാളിയായോ ?, എന്താണ് അന്ന് സംഭവിച്ചത് ? - എല്ലാം തുറന്നു പറഞ്ഞ് ധോണി രംഗത്ത്

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:05 IST)
ഐപിഎല്ലില്‍ ഒത്തുകളി നടത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. രാജ്ദീപ് സര്‍ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് മഹി കോഴ വിവാദത്തെക്കുറിച്ച് മനസ് തുറന്നത്.  

ക്രിക്കറ്റ് എന്ന ഗെയിം എനിക്ക് എല്ലാമെല്ലാമാണ്. തനിക്ക് ഒരിക്കലും ക്രിക്കറ്റിനെ വഞ്ചിക്കാന്‍ സാധിക്കില്ല. എന്നാല്‍, പുറത്തുവന്ന വാര്‍ത്തകള്‍ അസംബന്ധമായിരുന്നു. അതിനാലാണ് മാധ്യമങ്ങളെ കാണാനോ വിശദീകരണം നല്‍കാനോ താല്‍പ്പര്യം കാണിക്കാതിരുന്നതെന്നും മഹി പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ചില മുന്‍ ധാരണകളുണ്ട്. അങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അവരുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആളുകള്‍ എന്തു പറയുന്നു എന്നത് എന്നെ ബാധിക്കാറില്ല, അത് ഞാന്‍ ശ്രദ്ധിക്കാറുമില്ലെന്നും ധോണി വ്യക്തമാക്കി.

ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനുമായും അദ്ദേഹത്തിന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനുമായും തനിക്കുള്ള ബന്ധത്തെക്കുറിച്ച് പല തെറ്റായ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ക്രിക്കറ്റിനെ സഹായിക്കാന്‍ എപ്പോഴും മുന്‍ പന്തിയിലുണ്ടായിരുന്ന വ്യക്തിയായി മാത്രമാണ് ശ്രീനിവാസനെ കണ്ടിരുന്നതെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ഗുരുനാഥ് മെയ്യപ്പന്‍ ഒരു ക്രിക്കറ്റ് ആരാധകനാണെന്ന് ഞാന്‍ പറഞ്ഞുവെന്നും, ഐപിഎല്‍ കോഴ അന്വേഷിച്ച കമ്മിഷന് അത്തരത്തില്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണ്. ടീം ഗ്രൌണ്ടില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് മെയ്യപ്പന് യാതൊരു പങ്കുമില്ലെന്നാണ് ഞാന്‍ പറഞ്ഞതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article