സമ്മര്‍ദ്ദങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന മഹേന്ദ്ര സിംഗ് ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇറങ്ങും. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം തുടങ്ങുക. വിരാട് കോഹ്‌ലിയും ധോണിയും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടാം ഏകദിനത്തിനായി ടീം ഇന്ത്യ ഇറങ്ങുന്നത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി ജയിച്ച് ദക്ഷിണാഫ്രിക്ക മുന്നിലാണ്. അതേസമയം, ആദ്യ ഏകദിനത്തില്‍ പരുക്കേറ്റ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാകും. പകരക്കാരനായി ഹര്‍ഭജന്‍ സിംഗ് ടീമിലിടംപിടിച്ചിട്ടുണ്ട്. കരുത്ത് നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ വിറപ്പിച്ച ഏക ബൗളറാണ് അശ്വിന്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര 2-0ന് തോറ്റതിന് പിന്നാലെ ഒന്നാം ഏകദിനത്തില്‍ കട്ടക്കില്‍ അഞ്ചുറണ്‍സിന് തോറ്റപ്പോള്‍ ക്യാപ്റ്റന്റെ കളിയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. അഞ്ചുമത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും തോറ്റാല്‍ നായകസ്ഥാനം മാത്രമല്ല ധോനിയുടെ കരിയര്‍ തന്നെ അപകടത്തിലാവും.
ആദ്യമത്സരത്തിലെ തോല്‍വിയില്‍ താനടക്കമുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ധോണി സമ്മതിച്ചിരുന്നു. ഡിവില്ലിയേഴ്‌സ്, ഡി കോക്ക്, ഡു പ്ലെസി, ഡുമിനി, ഡേവിഡ് മില്ലര്‍ തുടങ്ങി ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനെ പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാരും പരാജയപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.