Mohsin Khan: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവര്‍ എറിയാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യ മൊഹ്‌സിന്‍ ഖാന് പന്ത് കൊടുത്തത് വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട്. ടീമിലെ മറ്റ് ബൗളര്‍മാരെയെല്ലാം അതിനോടകം ഉപയോഗിച്ചു കഴിഞ്ഞിരുന്നു. മൊഹ്‌സിന്‍ ഖാന്‍ തന്റെ ആദ്യ രണ്ട് ഓവറില്‍ നിന്ന് 21 റണ്‍സ് വിട്ടുകൊടുത്തിരുന്നു. അവസാന ഓവര്‍ എറിയാന്‍ മൊഹ്‌സിന്‍ ഖാന് നല്‍കുമ്പോള്‍ ജയിക്കുമെന്ന യാതൊരു പ്രതീക്ഷയും ക്രുണാല്‍ പാണ്ഡ്യക്ക് പോലും ഉണ്ടായിരുന്നില്ല.
അവസാന ഓവറില്‍ വെറും 11 റണ്‍സ് മാത്രമായിരുന്നു മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ കൂറ്റനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും. നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍ എന്നിവരുടെയെല്ലാം നാല് ഓവര്‍ ക്വാട്ട അപ്പോഴേക്കും തീര്‍ന്നിരുന്നു. രവി ബിഷ്‌ണോയിയുടെ നാല് ഓവറും നേരത്തെ തീര്‍ന്നിരുന്നു. രണ്ട് ഓവറില്‍ 21 റണ്‍സ് വഴങ്ങിയ മൊഹ്‌സിന്‍ ഖാന് പന്ത് കൊടുക്കുകയല്ലാതെ മറ്റൊരു വഴിയും ക്രുണാലിന് മുന്നില്‍ ഉണ്ടായിരുന്നില്ല.
അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കുകയെന്ന ദൗത്യം മൊഹ്‌സിന്‍ ഖാന്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സ് മാത്രം. അവസാന ഓവറില്‍ ഒരു ബൗണ്ടറി പോലും മൊഹ്‌സിന്‍ ഖാന്‍ വഴങ്ങിയില്ല. പരുക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മൊഹ്‌സിന്‍ ഖാന്‍ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗവിന്റെ വിജയതാരമാകുകയായിരുന്നു.