IPL 2023: ഈ നാല് കളികളില്‍ ഇവര്‍ ജയിച്ചാല്‍ ബാക്കി കളികളെല്ലാം അപ്രസക്തം ! നിര്‍ബന്ധമായും കാണേണ്ട നാല് മത്സരങ്ങള്‍
ബുധന്‍, 17 മെയ് 2023 (09:58 IST)
IPL 2023: ഐപിഎല്‍ പ്രാഥമിക ഘട്ടത്തില്‍ ഇനി ഏഴ് കളികളാണ് ശേഷിക്കുന്നത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ച ടീം. ഇനിയുള്ള ഏഴ് മത്സരങ്ങളില്‍ അതീവ നിര്‍ണായകമായ നാല് മത്സരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മേയ് 18 വ്യാഴാഴ്ച നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - സണ്‍റൈസേഴ്‌സ് ഹൈദരബാദ് മത്സരം അതീവ നിര്‍ണായകമാണ്. ഹൈദരബാദ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ബാംഗ്ലൂരിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഈ മത്സരം നിര്‍ബന്ധമായും ജയിക്കണം.
മേയ് 20 ശനിയാഴ്ച രണ്ട് മത്സരങ്ങളുണ്ട്. ആദ്യ മത്സരം ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍. ഡല്‍ഹി നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമാണ്. പക്ഷേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ കളി ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫില്‍ കയറാം.
രണ്ടാം മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍. ഈ കളി ജയിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫില്‍ കയറാം.
മേയ് 21 ഞായറാഴ്ച രാത്രി നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരവും ഏറെ പ്രധാനപ്പെട്ടതാണ്. ഇതില്‍ ജയിച്ചാല്‍ ബാംഗ്ലൂരിന് മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ പ്ലേ ഓഫില്‍ എത്താം.
അതായത് ബാംഗ്ലൂര്‍ തങ്ങളുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ചെന്നൈ, ലഖ്‌നൗ എന്നിവര്‍ തങ്ങളുടെ ശേഷിക്കുന്ന ഓരോ മത്സരങ്ങളിലും വിജയിച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഇവര്‍ മൂന്ന് ടീമുകളും പ്ലേ ഓഫില്‍ എത്തും.