Tim David: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് തോല്‍ക്കാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് അവസാന ഓവറില്‍ ടിം ഡേവിഡ് ചെയ്ത മണ്ടത്തരമാണെന്ന് ആരാധകര്‍. മൊഹ്‌സിന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ സ്‌ട്രൈക്ക് കിട്ടിയപ്പോള്‍ ടിം ഡേവിഡ് സിംഗിള്‍ എടുക്കാന്‍ പാടില്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ടിം ഡേവിഡിനൊപ്പം കാമറൂണ്‍ ഗ്രീന്‍ ആയിരുന്നു ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്നുണ്ടായിരുന്നത്. ക്രീസില്‍ സെറ്റാവാന്‍ സമയം വേണ്ട കാമറൂണ്‍ ഗ്രീന് ഡേവിഡ് അവസാന സമയത്ത് സിംഗിള്‍ ഇട്ടുകൊടുത്തതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.
അവസാന ഓവറില്‍ 11 റണ്‍സായിരുന്നു മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഗ്രീന്‍ റണ്‍സൊന്നും എടുത്തില്ല. രണ്ടാം പന്തില്‍ സിംഗിള്‍ എടുത്തു. മൂന്നാം പന്ത് മുതല്‍ തുടര്‍ച്ചയായി നാല് പന്തുകള്‍ നേരിടാന്‍ ടിം ഡേവിഡിന് അവസരമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം പന്തില്‍ ഡേവിഡ് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു. ഇത് അനാവശ്യ നീക്കമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.
ഗ്രീന്‍ ആ സമയത്ത് ക്രീസില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് പന്തുകള്‍ കളിച്ച ശേഷം മാത്രം കൂറ്റന്‍ അടികള്‍ക്ക് മുതിരുന്ന ശൈലിയാണ് ഗ്രീനിന്റേത്. അങ്ങനെയൊരു താരത്തിനു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു നല്‍കുന്നതിനു പകരം ശേഷിക്കുന്ന നാല് പന്തുകളും ടിം ഡേവിഡ് തന്നെ കളിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.