Mohammed Shami: ഇന്ത്യക്ക് വന്‍ തിരിച്ചടി ! മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും

രേണുക വേണു

ബുധന്‍, 28 ഫെബ്രുവരി 2024 (10:26 IST)
Mohammed Shami

Mohammed Shami: പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. കാലിലാണ് താരത്തിനു ശസ്ത്രക്രിയ ചെയ്തിരിക്കുന്നത്. യുകെയില്‍ വെച്ച് നടന്ന ശസ്ത്രക്രിയ വിജയകരമായെന്നും തിരിച്ചുവരവ് വൈകുമെന്നും ഷമി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍. 
 
മൂന്ന് മാസത്തിലേറെ താരത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വരുന്ന ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ സാധിക്കില്ല. പരുക്ക് പൂര്‍ണമായി ഭേദപ്പെട്ട് ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ മാത്രമേ ട്വന്റി 20 ലോകകപ്പിന് താരത്തെ പരിഗണിക്കൂ എന്നാണ് ബിസിസിഐയുടെയും നിലപാട്. ഏകദിന ലോകകപ്പിനു ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകളാണ് താരം നേടിയത്. 
 
ജനുവരി മാസത്തില്‍ താരം ലണ്ടനില്‍ എത്തിയിരുന്നു. ശസ്ത്രക്രിയ ഇല്ലാതെ കുത്തിവയ്പ്പിലൂടെ പരുക്ക് ഭേദമാക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മൂന്നാഴ്ചത്തെ കുത്തിവയ്പ്പിനു ശേഷവും പരുക്ക് ഭേദമായില്ല. ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് ഡോക്ടര്‍മാര്‍ താരത്തെ അറിയിച്ചത്. ഐപിഎല്ലിലും താരത്തിനു കളിക്കാന്‍ സാധിക്കില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍