ഇനി ഒരു ലക്ഷ്യം മാത്രം; മിതാലി രാജ് ട്വന്റി-20 മതിയാക്കി
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (18:06 IST)
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്‌ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2021 ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് മുൻനിർത്തിയാണ് വിരമിക്കാനുള്ള മുപ്പത്തിയാറുകാരിയായ മുൻ ക്യാപ്റ്റന്റെ തീരുമാനം.
2021 ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാനാണ് ഈ തീരുമാനം. അതിനായി ട്വന്റി- 20യിൽനിന്ന് വിരമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തിനായി ഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹം അവശേഷിക്കുന്നു, അതിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഈ വലിയ പിന്തുണയ്‌ക്ക് ബിസിസിഐക്ക് നന്ദിയറിയിക്കുന്നു.
2021 ഏകദിന ലോകകപ്പിനായി മുഴുവൻ ഊർജവും കാത്തുവച്ച് ഒരുങ്ങുന്നതിനാണ് ഈ വിരമിക്കല്‍. ലോകകപ്പ് നേടുന്നതിനായി സമ്പൂർണ മികവ് പുറത്തെടുക്കാനാണ് ആഗ്രഹിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരിസിന് തയ്യാറെടുക്കുന്ന ട്വന്റി- 20 ടീമിന് എല്ലാ ആശംസകളും നേരുന്നു - എന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി പറഞ്ഞു.
2006ൽ രാജ്യാന്തര വേദിയിൽ ഇന്ത്യ ട്വന്റി20 അരങ്ങേറ്റം കുറിച്ചപ്പോൾ നായിക മിതാലിയായിരുന്നു. മൂന്നു ലോകകപ്പുകളിൽ (2012 – ശ്രീലങ്ക, 2014 – ബംഗ്ലദേശ്, 2016 – ഇന്ത്യ) ഉൾപ്പെടെ 32 ട്വന്റി20 മൽസരങ്ങളിൽ ഇന്ത്യയെ നയിച്ചു. രാജ്യാന്തര ട്വന്റി20യിൽ 2000 റൺസ് പിന്നിട്ട ആദ്യ ഇന്ത്യൻ വനിതയുമാണ് മിതാലി.
ഇതുവരെ 89 ട്വന്റി-20 മൽസരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ മിതാലി 37.52 റൺസ് ശരാശരിയിൽ 17 അർധസെഞ്ചുറികൾ സഹിതം 2364 റൺസ് നേടി. പുറത്താകാതെ നേടിയ 97 റൺസാണ് ഉയർന്ന സ്‌കോര്‍. രാജ്യാന്തര വനിതാ ട്വന്റി-20യിൽ 500ൽ അധികം റൺസ് നേടിയിട്ടുള്ള 74 താരങ്ങളിൽ ഉയർന്ന ശരാശരി മിതാലിയുടേതാണ്.