ലോകകപ്പ് നേടിയത് അഭിമാന മുഹൂർത്തം; ജോൺസൺ വിരമിക്കുന്നു

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2015 (10:03 IST)
ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ മിച്ചൽ ജോൺസൺ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. പെര്‍ത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇപ്പോള്‍ നടക്കുന്ന ടെസ്റിനു ശേഷം വിരമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരശേഷം വിരമിക്കല്‍ തീരുമാനം വ്യക്തമാക്കുമെന്നും ഓസീസ് പേസര്‍ പറഞ്ഞു.

ഒരുപാട് ആലോചിച്ചതിനുശേഷമെടുത്ത തീരുമാനമാണ് വിരമിക്കല്‍ തീരുമാനം. ക്രിക്കറ്റ് ലോകത്തോട് വിടപറയാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണ്. രാജ്യത്തിനുവേണ്ടി കളിച്ച ഓരോ നിമിഷവും സന്തോഷം പകരുന്നതാണ്. മികച്ചൊരു കരിയർ ലഭിച്ചതിൽ താൻ ഭാഗ്യവാനാണ്. ടീമിനായി ഇനിയും സ്ഥിരതയുള്ള പ്രകടനം നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ലോകകപ്പ് നേടിയതാണ് അഭിമാന മുഹൂർത്തമെന്നും മുപ്പത്തിനാലുകാരനായ മിച്ചൽ വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ മിച്ചൽ ജോൺസണ് സാധിച്ചില്ല. പേസ് ബോളിംഗിന്റെ പറദീസയായ പെര്‍ത്തില്‍ 28 ഓവറില്‍ 188 റണ്‍സ് വഴങ്ങിയതാണ് അദ്ദേഹത്തെ പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. മത്സരത്തിന്റെ നാലാം ദിവസം ടീം അംഗങ്ങളോട് വിരമിക്കല്‍ സൂചന നല്‍കിയിരുന്നു ജോണ്‍‌സണ്‍.

2005ല്‍ ക്രൈസ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച മിച്ചല്‍ ജോണ്‍‌സണ്‍ 73 ടെസ്റില്‍ 311 വിക്കറ്റ് നേടിയിട്ടുണ്ട്. 2,035 റണ്‍സും അദ്ദേഹത്തിന്റെ സമ്പാദ്യമാണ്. 153 ഏകദിനങ്ങളില്‍ നിന്നായി 951 റണ്‍സും 239 വിക്കറ്റുകളും നേടി. 2014 ഫെബ്രുവരിക്കുശേഷം ടെസ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്യാനും അദ്ദേഹത്തിനായില്ല