ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ അംഗീകാരം റദ്ദാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയും തുലാസില്‍.
ആരാണ് ചെന്നൈ ടീമിന് നേതൃത്വം നല്‍കുന്നതെന്ന് ചോദിച്ച സുപ്രീംകോടതി, ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായ ധോണി ടീം ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് പദവി കൂടി വഹിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. ധോണിയിപ്പോള്‍ ഇരട്ടപ്പദവിയാണ് വഹിക്കുന്നതെന്നും ജസ്റ്റീസ് ടിഎസ് ഠാക്കൂർ, എഫ്എം ഖലീഫുള്ള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിനായി ഇന്ത്യാ സിമന്റ്സ് 400 കോടി രൂപയാണ് മുതല്‍ മുടക്കിയിരിക്കുന്നത്. ഇത്തരത്തില്‍ വലിയ തുക മുടക്കാന്‍ ആരാണ് നിർദ്ദേശം നൽകിയതെന്നും, ഇത്രയധികം പണം മുടക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. അടുത്തമാസം പതിനേഴിന് നടക്കാനിരിക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പില്‍ മുന്‍ ബിസിസിഐ പ്രസിഡന്റ് എൻ ശ്രീനിവാസന്‍ അടക്കമുള്ളവര്‍ മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം മുദ്ഗൽ കമ്മിറ്റിയുടെ റിപ്പോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി എടുക്കുമെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ അംഗീകാരം റദ്ദാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആരാണ് ചെന്നൈ ടീമിന് നേതൃത്വം നല്‍കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കളിക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബീഹാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.