നായകനും ഫ്ളെച്ചറും തുലാസില്‍; ധോണിയുടെ ക്യാപ്റ്റന്‍സ്ഥാനം ?

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (10:49 IST)
ഞാന്‍ ശക്തനാണോ ദുര്‍ബലനാണോ എന്ന് ഉടന്‍ അറിയാനാകും’ ഓവലില്‍ പരാജയം രുചിച്ച ശേഷം ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വാക്കാണിത്. വമ്പന്‍ തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ നായകന്‍ ധോണിയുടെയും പരിശീലകന്‍ ഡങ്കന്‍ ഫ്ളെച്ചറിന്റെയും സ്ഥാനം തുലാസിലായ സാഹചര്യത്തില്‍ ധോണി രാജിവെക്കുമെന്നാണ് സൂചന.

പരമ്പരയിലുടനീളം പാളിയ തന്ത്രങ്ങളുമായി സാമാന്യബോധമില്ലാത്തവനെ പോലെയാണ് ടീമിനെ ധോണി നയിച്ചതെന്ന് വെങ്സര്‍ക്കാര്‍ കുറ്റപ്പെടുത്തി. പരിശീലകന്‍ ഡങ്കന്‍ ഫ്ളെച്ചര്‍ പ്രത്യേകിച്ച് ഒരു ആശയവുമില്ലാത്തവനാണെന്നും അദ്ദേഹത്തെ മാത്രമല്ല എല്ലാ സഹജീവനക്കാരെയും പുറത്താക്കണമെന്നും മുന്‍ ക്യാപ്റ്റന്‍ കൂടിയായ വെങ്സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കളിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ രാജിവെച്ചുപോകണമെന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞത്. മുന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കറും ധോണിയുടെ തന്ത്രങ്ങളിലെ പിഴവാണ് പരാജയം വിളിച്ചുവരുത്തിയതെന്ന് കുറ്റപ്പെടുത്തി. അദ്ഭുതങ്ങള്‍ സംഭവിക്കുന്നതിനായി കാത്തിരിക്കുന്ന ധോണിയുടെ മനസ്സാണ് പരാജയം വിളിച്ചുവരുത്തിയതെന്ന് മുന്‍ ബാറ്റിംഗ് ഇതിഹാസം ഗുണ്ടപ്പ വിശ്വനാഥ് പറഞ്ഞു.  

എന്നാല്‍  തുടക്കം മുതല്‍ ബാറ്റ്സ്മാന്മാര്‍ പരാജയമായിരുന്നു. വാലറ്റമാണ് കുറച്ചെങ്കിലും മാനം കാത്തത്. അവര്‍ കൂടി പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ വീഴുകയും ചെയ്തു’- ധോണി പറഞ്ഞു.