ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോലി രണ്ടാം സ്ഥാനത്തും ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാമതുമാണ്. എന്നാൽ ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ താരങ്ങൾ ഈ രണ്ടു താരങ്ങളുമല്ല. റൺസ് വേട്ടയുടെ കാര്യത്തിൽ സ്മിത്തിനേയും കോലിയേയും കടത്തിവെട്ടിയിരിക്കുകയാണ് മറ്റൊരു ഓസീസ് താരമായ മാർനസ് ലാബുഷാഗ്നെ.
പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിലും പരമ്പരയിലെ രണ്ടാം സെഞ്ചുറി കണ്ടെത്തി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലാബുഷാഗ്നെ 9 കളികളിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത് 793 റൺസാണ്. ആറ് മത്സരങ്ങളിൽ നിന്നും 778 റൺസുമായി ഓസീസിന്റെ തന്റെ സ്റ്റീവ് സ്മിത്താണ് പട്ടികയിൽ രണ്ടാമത്. ആദ്യ ടെസ്റ്റിൽ വെറും നാല് റൺസിന് പുറത്തായതാണ് സ്റ്റീവ് സ്മിത്തിന് തിരിച്ചടിയായത്. എട്ട് ടെസ്റ്റുകളിൽ നിന്നും 754 റൺസുമായി ഇന്ത്യൻ താരം മായങ്ക് അഗർവാളാണ് പട്ടികയിൽ മൂന്നാമതുള്ളത്.
746 റൺസുമായി ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് നാലമതും 642 റൺസുമായി ഇന്ത്യൻ ഉപനായകനായ അജിങ്ക്യ രഹാനെ അഞ്ചാമതുമാണ്. ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാമതുണ്ടെങ്കിലും ഈ വർഷം ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ പോലും ഇന്ത്യൻ നായകനായ കോലിക്ക് എത്തുവാൻ സാധിച്ചില്ല. 612 റൺസുമായി റൺ വേട്ടക്കാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ.