'യാസിർ, ഏഴ് എട്ടാക്കാൻ സമ്മതിക്കില്ല, ഇത് സ്മിത്തിന്റെ വാക്ക് '

അഭിറാം മനോഹർ

ചൊവ്വ, 26 നവം‌ബര്‍ 2019 (17:39 IST)
വെറും 11 ഇന്നിങ്സിൽ 7 തവണയാണ് ലോക ഒന്നാം നമ്പർ ടെസ്റ്റ് താരമായ സ്റ്റീവ് സ്മിത്തിനെ പാകിസ്താൻ താരം യാസിർ ഷാ പവലിയനിലേക്ക് മടക്കിയയച്ചത്. കഴിഞ്ഞ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ കൂടി തന്റെ വിക്കറ്റ് എടുത്തതോട് കൂടി സ്മിത്ത് ഇപ്പോൾ ഒരു ഞെട്ടിക്കുന്ന തീരുമാനം എടുത്തിരിക്കുകയാണ്. ഇനി യാസിർ ഷാക്ക് എട്ടാമത് വിക്കറ്റ് കിട്ടുവാനുള്ള അവസരം സ്രുഷ്ടിക്കില്ലെന്നും കൂടുതൽ കരുതലുകളോടെയാകും യാസിർ ഷായെ ഇനി നേരിടുകയെന്നും സ്മിത്ത് പറയുന്നു.
 
ഡേവിഡ് വാർണറും മാർനസ് ലബുഷെയ്നും തകർത്തടിച്ച് പാകിസ്താനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചുവെങ്കിൽ പോലും കഴിഞ്ഞ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ ഒറ്റക്ക് തല്ലികൊഴിച്ച സ്റ്റീവ് സ്മിത്ത് മത്സരത്തിൽ വെറും നാല് റൺസിന് പുറത്തായിരുന്നു. 
 
മത്സരത്തിൽ 4 റൺസ് നേടി സ്മിത്ത് പുറത്താകുമ്പോൾ യാസിർ ഷാ ഏഴ് വിരലുകൾ ഉയർത്തി നൽകിയ യാത്രയയപ്പും വാർത്താപ്രാധന്യം നേടിയിരുന്നു. തനിക്കെതിരെ മത്സരിച്ച 11 ഇന്നിങ്സിൽ ഏഴ് തവണയും പുറത്താക്കി എന്നതിന്റെ സൂചനയായിരുന്നു മത്സരത്തിൽ യാസിർ കാണിച്ച 7 വിരലുകൾ. ഇതോടെയാണ് അടുത്ത മത്സരത്തിന് മുൻപാകെ സ്മിത്ത് പുതിയ പ്രഖ്യാപനം നടത്തിയത്.
 
നിലവിൽ ടെസ്റ്റിൽ 60ന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള സ്റ്റീവ് സ്മിത്തിന് യാസിർ ഷാക്കെതിരെ വെറും 27 റൺസ് ശരാശരി മാത്രമാണുള്ളത്. 2016 നവംബറിന് ശേഷം ടെസ്റ്റിൽ സ്മിത്തിന്റെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു ബ്രിസ്ബെയ്നിൽ കഴിഞ്ഞ ഓസീസ് -പാക് ടെസ്റ്റിലേത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍