കുൽദീപിന് രണ്ടാം ഹാട്രിക്ക്, റെക്കോഡ് ബുക്കിൽ ഇതിഹാസങ്ങൾക്കൊപ്പം

അഭിറാം മനോഹർ
വ്യാഴം, 19 ഡിസം‌ബര്‍ 2019 (10:04 IST)
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് താരങ്ങൾ തകർത്തടിച്ചപ്പോൾ മത്സരം ഏകപക്ഷീയമായി ബാറ്റിങിനെ മാത്രം തുണക്കുന്നുവെന്നാണ് സകലരും കരുതിയത്. മറുഭാഗത്ത് വെസ്റ്റിൻഡീസും ശക്തമായ രീതിയിൽ തിരിച്ചടിക്കാൻ നോക്കിയെങ്കിലും ഒരു ഇന്ത്യൻ സ്പിന്നറുടെ കുത്തിത്തിരിയുന്ന പന്തുകൾക്ക് മുൻപിൽ അവർ അടിയറവ് പറയുകയായിരുന്നു.
 
വിൻഡീസിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ ബൗളിങ് നിരയിൽ കുൽദീപ് യാദവ് തിളങ്ങിയപ്പോൾ കുൽദീപിന് സ്വന്തമായത് ഒരു റെക്കോഡ് നേട്ടം കൂടിയാണ്. മത്സരത്തിൽ വിൻഡീസ് മധ്യനിരയെ തകർത്ത് ഹാട്രിക്ക് സ്വന്തമാക്കിയ താരം അന്താരാഷ്ട്ര ഏകദിനക്രിക്കറ്റിൽ രണ്ടു തവണ ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന നേട്ടമാണ് മത്സരത്തിൽ സ്വന്തമാക്കിയത്. 
 
2007ൽ ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിലാണ് കുൽദീപ് നേരത്തെ ഹാട്രിക്ക് നേടിയത്. ഇത് കൂടാതെ അണ്ടർ 19 വിഭഗത്തിൽ ഒരു ഹാട്രിക്ക് കൂടി താരത്തിന്റെ പേരിലുണ്ട്. വിൻഡീസിനെതിരായ മത്സരത്തിൽ ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ് എന്നീ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെയാണ് കുൽദീപ് തുടർച്ചയായ പന്തുകളിൽ പുറത്താക്കിയത്. ഇതിന് മുൻപ് കപിൽ ദേവ്,മുഹമ്മദ് ഷമി,ചേതൻ ശർമ എന്നിവരാണ് ഏകദിനത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയ മറ്റ് ബൗളർമാർ.
 
നിലവിൽ അന്താരാഷ്ട്ര തലത്തിൽ രണ്ട് തവണ ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ ബൗളറാണ് കുൽദീപ് യാദവ്. മുൻ പാക് താരങ്ങളായ വസിം അക്രം, സക്ലെയ്ന്‍ മുഷ്താഖ്, മുന്‍ ശ്രീലങ്കന്‍ പേസര്‍ ചാമിന്ദ വാസ്, ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് രണ്ട് തവണ ഏകദിനത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയ ബൗളർമാർ. എന്നാൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് നേട്ടം എന്ന റെക്കോഡുള്ളത് ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പേരിലാണ്. മൂന്ന് തവണയാണ് ശ്രീലങ്കയുടെ യോർക്കർവീരൻ ഏകദിനത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ രണ്ടെണ്ണവും ലോകകപ്പിലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article