കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തിട്ടുണ്ട്. ഓംഫിലേ റമേലയുടെ സെഞ്ച്വറിയും റീസ ഹെന്‍ട്രിക്‌സിന്റെയും ടെംബ ബവുമയുടെയും അര്‍ധ ശതകങ്ങളുമാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.ടോസിന്റെ ഭാഗ്യം ദക്ഷിണാഫ്രിക്കയെ അനുഗ്രഹിച്ചപ്പോള്‍ ബൌളിംഗ് നിര ഇന്ത്യയെ നിരാശപ്പെടുത്തി. ഓപ്പണര്‍മാരായ ഹെന്‍റിക്‌സും വാന്‍ സൈലും കരുതലോടെ തുടങ്ങി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി മുന്നേറുകയായിരുന്നു. ഓപ്പണിങ് സഖ്യം 60 റണ്‍സ് നേടിയാണ് പിരിഞ്ഞത്.
ലെഗ്‌സ്പിന്നര്‍ ജയന്ത് എറിഞ്ഞ 20-ആം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ വാന്‍ സൈല്‍ (28)പുറത്തായി. കവറില്‍ റായുഡു ക്യാച്ചെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ഹെന്‍റിക്‌സിന്റേതായിരുന്നു അടുത്ത ഊഴം. 86 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ച് ഹെന്‍!റിക്‌സ് 50 തികച്ചയുടന്‍ പാണ്ഡെയ്ക്ക് വിക്കറ്റു സമ്മാനിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് 102 റണ്‍സ് എടുത്തിരുന്നു. ഡി ബ്രൂയിനും (38) റമേലയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തു. ഇതിനിടെ മഴ പെയ്തു. 44-ആം ഓവറില്‍ കളി നിര്‍ത്തി. കളി പുനരാരംഭിച്ച് അധികം താമസിയാതെ ഡി ബ്രൂയിന്‍ ഓഫ്‌സ്പിന്നര്‍ അക്ഷറിന്റെ പന്തില്‍ മടങ്ങി. പിന്നീടാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ സുവര്‍ണഘട്ടം. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റമേലയും ബവുമയും ബൗളര്‍മാരെ ശരിക്കും കുഴക്കി. സെഞ്ച്വറി കൂട്ടുകെട്ടും (136 റണ്‍സ്) ഉയര്‍ത്തി. റമേല സെഞ്ച്വറി തികച്ചതും ബവുമ 50 പിന്നിട്ടതും ഈ വേളയിലാണ്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ റമേലയുടെ അഞ്ചാം സെഞ്ച്വറിയും വയനാട് ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏഴാം സെഞ്ച്വറിയുമാണിത്. ബവുമയുടേത് കരിയറിലെ 19 ആം അര്‍ധസെഞ്ച്വറിയാണ്. ഒന്നാം ദിവസത്തെ അവസാന ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ അങ്കുഷിന്റെ കൈകളിലെത്തിച്ച് അക്ഷര്‍ പട്ടേല്‍ റമേലയെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് നേടി