ബാംഗ്ലൂരിന്റെ പുറത്താകല്‍: കോഹ്‌ലിയെ തേടി നാണക്കേടിന്റെ അപൂര്‍വ്വ റെക്കോര്‍ഡ്
ഞായര്‍, 20 മെയ് 2018 (16:13 IST)
ഐപിഎല്‍ പതിനൊന്നാം സീസണില്‍ നിന്ന് തലകുനിച്ച് പടിയിറങ്ങേണ്ടി വന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നാണക്കേടായി മറ്റൊരു റെക്കോര്‍ഡും. ടീം നായകന്‍ വിരാട് കോഹ്‌ലിയെ തേടിയാണ് ഈ റെക്കോര്‍ഡ് എത്തിയിരിക്കുന്നത്.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും അധികം പ്രാവശ്യം സ്‌പിന്‍ ബോളര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്താകുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലിക്ക് സ്വന്തമായത്. എട്ടു പ്രാവശ്യമാണ് അദ്ദേഹം സ്‌പിന്‍ ബോളര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിച്ചത്.
കോഹ്‌ലിയുടെ ഈ റെക്കോര്‍ഡിനൊപ്പം ഗില്‍ക്രിസ്‌റ്റും രോഹിത് ശര്‍മ്മയുമുണ്ട്. 2009 സീസണിലാണ് ഗില്ലി എട്ടു തവണ സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണത്. കഴിഞ്ഞ സീസണിലായിരുന്നു രോഹിത്തിനെ തേടി ഈ നാണക്കേട് എത്തിയത്.
സ്‌പിന്‍ ബോളര്‍മാരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന കോഹ്‌ലി പേസ് ബോളര്‍മാരെ നേരിടാന്‍ പരിശീലനം നടത്തുന്നതാണ് അപ്രതീക്ഷിതമായ ഈ പുറത്താകലിന് കാരണമെന്നാണ് നിഗമനം. ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പരയ്‌ക്കായുള്ള പരിശീലനത്തിലാണ് കോഹ്‌ലി. പേസ് ബോളിംഗിനെ നേരിടുക എന്നതാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്.