Kohli: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര, കോലിയെ കാത്ത് അനവധി റെക്കോർഡുകൾ

അഭിറാം മനോഹർ
ഞായര്‍, 21 ജനുവരി 2024 (11:17 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 25നാണ് തുടക്കമാവുക. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി ഫലപ്രദമാവുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലിയെ കാത്ത് നിരവധി റെക്കോര്‍ഡുകളാണ് കാത്തിരിക്കുന്നത്.
 
അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 152 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ 9,000 റണ്‍സെന്ന നാഴികകല്ലിലെത്താന്‍ കോലിയ്ക്ക് സാധിക്കും. സച്ചിന്‍,ദ്രാവിഡ്,ഗവാസ്‌കര്‍ എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ പരമ്പരയില്‍ 9 ബൗണ്ടറികള്‍ കൂടി നേടിയാല്‍ ടെസ്റ്റില്‍ 1000 ഫോറുകളെന്ന നേട്ടം കോലിയുടെ പേരിലാകും. സച്ചിന്‍,ദ്രാവിഡ്,സെവാഗ്,ഗവാസ്‌കര്‍,ലക്ഷ്മണ്‍ എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
 
കൂടാതെ 9 റണ്‍സ് കൂടെ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 2,000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ കോലിയ്ക്ക് സാധിക്കും. സച്ചിന്‍,ഗവാസ്‌കര്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 3 ടെസ്റ്റ് സെഞ്ചുറികള്‍ കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം കോലിയ്ക്ക് സ്വന്തമാകും. നിലവില്‍ ഇംഗ്ലണ്ടിനെതിരെ 5 സെഞ്ചുറികളാണ് കോലിയ്ക്കുള്ളത്. ഇംഗ്ലണ്ടിനെതിരെ 7 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ള സച്ചിന്‍,ഗവാസ്‌കര്‍ എന്നിവരാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article