ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. ഇന്ത്യയ്ക്ക് വേണ്ടി പ്രചോദിതനായി ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ഒന്നിനും സാധിക്കില്ലെന്ന് കോലി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്ത് നടക്കുന്ന പല കാര്യങ്ങളും യാഥാര്‍ഥ്യമല്ലെന്നും ഒരാള്‍ വിചാരിക്കുന്ന പോലെ തന്നെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ലെന്നും കോലി പറഞ്ഞു.
'ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രമാണ് എന്റെ നിയന്ത്രണത്തിലുള്ളത്. ദക്ഷിണാഫ്രിക്കയിലേക്ക് പോകാനും ടീമിനും ടീമിന്റെ വിജയത്തിനും വേണ്ടി എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളിലും മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിന് വേണ്ടി ചെയ്യാവുന്നത് ഏറ്റവും ആത്മാര്‍ത്ഥമായി ഞാന്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുക എന്ന എന്റെ ലക്ഷ്യത്തിനും ആഗ്രഹത്തിനും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഞാന്‍ എപ്പോഴും തയ്യാറായിരിക്കും. ഇതുപോലെ തന്നെ ടീമിന് വേണ്ടി കളിക്കുന്നത് തുടരും. ഒരു കാര്യം എനിക്ക് പറയാന്‍ സാധിക്കും. എനിക്ക് ഏല്‍പ്പിച്ചു തന്ന ഉത്തരവാദിത്തങ്ങളോട് ഞാന്‍ നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റിലെ എന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള സ്വയം വിലയിരുത്തല്‍ ഇതാണ്,' കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ താന്‍ കളിക്കുമെന്ന് കോലി വ്യക്തമാക്കി. രോഹിത് ശര്‍മ നല്ല ക്യാപ്റ്റനാണെന്നും രാഹുല്‍ ദ്രാവിഡിനൊപ്പം ടീമിനെ മികച്ച നിലയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും കോലി പറഞ്ഞു.
താനും രോഹിത്തുമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും കോലി പറഞ്ഞു. 'ഞാനും രോഹിതും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇക്കാര്യം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് പറഞ്ഞ് പറഞ്ഞ് ഞാന്‍ മടുത്തു. വീണ്ടും വീണ്ടും ഇതേ ചോദ്യം തന്നെ എന്നോട് ആവര്‍ത്തിക്കുകയാണ്,' കോലി പറഞ്ഞു.