'ഇപ്പോള്‍ മനസ്സിലായോ രാഹുല്‍ എവിടെയാണ് കളിക്കേണ്ടതെന്നും ഏത് ഫോര്‍മാറ്റാണ് ചേരുകയെന്നും'; ബിസിസിഐയോട് ആരാധകര്‍

ശനി, 18 മാര്‍ച്ച് 2023 (08:48 IST)
കെ.എല്‍.രാഹുലിനെ മധ്യനിരയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആരാധകര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ രാഹുല്‍ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചതിനു പിന്നാലെയാണ് ബിസിസിഐയോടും സെലക്ടര്‍മാരോടും ഈ ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഏകദിന ഫോര്‍മാറ്റില്‍ വളരെ വിശ്വസ്തനായ ബാറ്ററാണ് രാഹുലെന്നും മധ്യനിരയില്‍ ഒരു മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിവുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. 
 
ഓസ്‌ട്രേലിയയ്‌ക്കെതിരെ വാങ്കഡെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് പുറത്താകാതെ 75 റണ്‍സാണ് രാഹുല്‍ നേടിയത്. 83-5 എന്ന നിലയില്‍ തകര്‍ന്നുനില്‍ക്കുകയായിരുന്ന ഇന്ത്യയെ രാഹുലിന്റെ മികച്ച ഇന്നിങ്‌സ് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 
 
അഞ്ചാം നമ്പറില്‍ മികച്ച നിലയില്‍ രാഹുല്‍ ബാറ്റ് ചെയ്യുന്നുണ്ട്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അവസാന 17 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയും രാഹുല്‍ നേടിയിട്ടുണ്ട്. അതേസമയം, ട്വന്റി 20 യിലേക്ക് വരുമ്പോള്‍ ഓപ്പണറായി ഇറക്കി രാഹുലിന്റെ കരിയര്‍ നശിപ്പിക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. ഏകദിനത്തിലെ മധ്യനിര ബാറ്ററുടെ റോള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ രാഹുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍