ട്രിപ്പിൾ സെഞ്ചുറിക്ക് തിടുക്കം കാട്ടി വിക്കറ്റ് പോയി, സംഭവിച്ചത് സച്ചിൻ കാരണം : സെവാഗ്

വെള്ളി, 17 മാര്‍ച്ച് 2023 (18:55 IST)
ലോകക്രിക്കറ്റിൽ തന്നെ ഓപ്പണിംഗ് ബാറ്ററുടെ റോൾ മാറ്റിയെഴുതിയ താരമാണ് ഇന്ത്യൻ ഓപ്പണിങ്ങ് താരം വിരേന്ദർ സെവാഗ്. ക്രിക്കറ്റ് ലോകത്തെ വിനാശകാരിയായാണ് താരം അറിയപ്പെടുന്നത്. ഏകദിനത്തിലെയും ടി20യിലെയും പോലെ ടെസ്റ്റിലും തൻ്റെ വെടിക്കെട്ട് പ്രകടനം കൊണ്ട് മാജിക്ക് തീർക്കാൻ സെവാഗിനായിരുന്നു. ഇന്ത്യയ്ക്കായി ആദ്യ ട്രിപ്പിൾ സെഞ്ചുറി കുറിച്ച സെവാഗ് 2004ൽ പാകിസ്ഥാനെതിരെയും 2008ൽ ദക്ഷിണാഫ്രിക്കക്കെതിരെയും സെഞ്ചുറി കുറിച്ചിരുന്നു.
 
2009ൽ ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ മൂന്നാം ട്രിപ്പിൾ സെഞ്ചുറിയുടെ അടുത്തെത്തിയെങ്കിലും താരം 293 റൺസിന് പുറത്തായി. താൻ അല്പം തിടുക്കം കൂട്ടിയതാണ് പ്രശ്നമായതെന്നും സച്ചിൻ ടെൻഡുൽക്കറാണ് അതിന് കാരണമെന്നും സെവാഗ് പറയുന്നു.ഞാൻ മൂന്നാം ട്രിപ്പിൾ നേടിയാൽ തനിക്കായി എന്തെങ്കിലും ചെയ്യുമോ എന്ന് സച്ചിൻ എന്നോട് ചോദിച്ചിരുന്നു. ചോദിക്കുന്നതെന്തും നൽകാമെന്ന് ഞാൻ പറഞ്ഞിരുന്നു. അതാണ് പെട്ടെന്ന് തന്നെ ഞാൻ ട്രിപ്പിളടിക്കാനായി ശ്രമിച്ചത്. സെവാഗ് പറഞ്ഞു.
 
മത്സരത്തിൽ 254 പന്തിൽ 40 ഫോറും 7 സിക്സും ഉൾപ്പടെ 293 റൺസാണ് സെവാഗ് നേടിയത്. മുത്തയ്യ മുരളീധരന് റിട്ടേൺ ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍