ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിലെ സെഞ്ചുറിയോടെ എല്ലാ ഫോർമാറ്റിലും ഫോമിലേക്ക് തിരികെയെത്തിയിരിക്കുകയാണ് വിരാട് കോലി. ഈ വർഷം ഏകദിന ലോകകപ്പുൾപ്പടെ നിരവധി ഏകദിന മത്സരങ്ങൾ നടക്കുന്നതിനാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറിൻ്റെ നേട്ടം കോലി മറികടക്കാൻ സാധ്യതയേറെയാണ്. അപ്പോഴും 100 സെഞ്ചുറികളെന്ന സച്ചിൻ്റെ നേട്ടം കോലിയ്ക്ക് അകലെയാണ്. എന്നാൽ കോലി വിരമിയ്ക്കുന്നതിന് മുൻപ് ഈ റെക്കോർഡും കോലി തകർക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ പാക് താരമായ ഷൊയെബ് അക്തർ.
കോലി വീണ്ടും ഫോമിലേക്കെത്തിയിരിക്കുന്നു. അതിലെനിക്ക് പുതുമയില്ല. മുൻപ് കോലിക്ക് ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ അത്തരം യാതൊരു സമ്മർദ്ദവും കോലിക്കില്ല. അതിനാൽ തന്നെ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോലിക്ക് സാധിക്കും. കോലി കരിയർ അവസാനിക്കുമ്പോൾ 110 സെഞ്ചുറികളെങ്കിലും അദ്ദേഹം നേടുമെന്ന് കരുതുന്നു. ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ കോലി റൺവേട്ട ആരംഭിച്ചതായും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.