വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയമാണ് യുപി വാരിയേഴ്സിനെതിരെ ഇന്നലെ സംഭവിച്ചത്. സീസണിലെ ആദ്യ അഞ്ച് കളികളിലും പരാജയപ്പെട്ടിരുന്ന ടീം ഐപിഎല്ലിൻ്റെ പോയൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ടൂർണമെൻ്റിൽ ആദ്യമായി ഒരു വിജയം കണ്ടെത്താനായത് വലിയ ആത്മവിശ്വാസമാണ് ടീമിന് നൽകുന്നത്. ഇപ്പോഴിതാ ആർസിബിയുടെ വിജയത്തിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലി പ്രധാനപങ്കുവഹിച്ചതായി പറയുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റനും ആർസിബി ബാറ്ററുമായ ഹീതർ നൈറ്റ്.
വിരാട് കോലി ആർസിബി ക്യാമ്പുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിൻ്റെ വാക്കുകൾ പ്രചോദനമായെന്നും നൈറ്റ് പറയുന്നു. കഴിഞ്ഞമത്സരത്തിൽ യുപി വാരിയേഴ്സ് ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം 12 പന്തുകൾ ബാക്കിനിൽക്കെയാണ് ആർസിബി മറികടന്നത്. 46 റൺസെടുത്ത കനിക അഹൂജയാണ് ആർസിബിയുടെ വിജയശില്പി. പുറത്താകാതെ 31 റൺസെടുത്ത റിച്ച ഘോഷും ആർസിബി നിരയിൽ തിളങ്ങി. 3 വിക്കറ്റ് എടുത്ത എല്ലിസ് പെറിയാണ് യുപിയെ തകർത്തത്. അതേസമയം ആർസിബി ക്യാപ്റ്റനായ സ്മൃതി മന്ദാന മത്സരത്തിൽ പൂജ്യത്തിന് പുറത്തായി.