കെ.എല്‍.രാഹുല്‍ ഏകദിനത്തില്‍, ഋഷഭ് പന്ത് ടി 20 യില്‍; സമഗ്ര അഴിച്ചുപണിക്ക് ബിസിസിഐ, സാധ്യതകള്‍ ഇങ്ങനെ

ശനി, 18 സെപ്‌റ്റംബര്‍ 2021 (12:11 IST)
കെ.എല്‍.രാഹുലിനെ ഏകദിനത്തിലും ഋഷഭ് പന്തിനെ ട്വന്റി 20 യിലും നായകനാക്കണമെന്ന് ബിസിസിഐയ്ക്ക് മുന്നില്‍ നിര്‍ദേശം. ട്വന്റി 20 നായകസ്ഥാനത്തു നിന്ന് വിരാട് കോലി ഒഴിയുന്നതോടെ ടീമില്‍ സമഗ്ര അഴിച്ചുപണിക്ക് ലക്ഷ്യമിടുകയാണ് ബിസിസിഐ. രാഹുലിനെയും പന്തിനെയും ഭാവി ക്യാപ്റ്റന്‍മാരായി വളര്‍ത്തിയെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. പുതിയ പരിശീലകന്റെ പ്രധാന ചുമതലയും ഇതായിരിക്കും. കോലിക്ക് ശേഷം രോഹിത് താല്‍ക്കാലിക ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്താലും അധികം വൈകാതെ തന്നെ രാഹുലിനോ പന്തിനോ വേണ്ടി വഴിമാറേണ്ടിവരും. 32 വയസ്സുള്ള കോലിക്ക് പകരം 34 വയസ്സുള്ള രോഹിത് ശര്‍മയെ നായകനാക്കുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ രോഹിത്തിനെ ദീര്‍ഘകാലം നായകസ്ഥാനത്ത് തുടരാന്‍ ബിസിസിഐയും അനുവദിക്കില്ല. 
 
ഏകദിനത്തില്‍ കെ.എല്‍.രാഹുലിനെ ഉടന്‍ വൈസ് ക്യാപ്റ്റന്‍ ആക്കണമെന്നാണ് കോലിയുടെ ആഗ്രഹം. 2023 ലോകകപ്പിന് ശേഷം താന്‍ നായകസ്ഥാനം ഒഴിയുമ്പോള്‍ രാഹുല്‍ നായകസ്ഥാനം ഏറ്റെടുക്കുകയാണ് ഉചിതമെന്ന് കോലി വാദിക്കുന്നു. ടി 20 യില്‍ റിഷഭ് പന്തിനെ നായകനാക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്നും കോലി ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയെയാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍