KL Rahul: 'ഞങ്ങള്‍ക്ക് മാപ്പ് തരൂ, കുറേ കളിയാക്കിയിട്ടുണ്ട്'; രാഹുലിന്റെ കിടിലന്‍ ഇന്നിങ്‌സിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

ശനി, 18 മാര്‍ച്ച് 2023 (08:59 IST)
KL Rahul: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ കെ.എല്‍.രാഹുലിന്റെ വിജയ ഇന്നിങ്‌സിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. മധ്യനിരയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് രാഹുല്‍ ഒരിക്കല്‍ കൂടി തെളിയിച്ചെന്ന് ആരാധകര്‍ പറഞ്ഞു. 39-4 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത് രാഹുലിന്റെ ഇന്നിങ്‌സാണ്. 91 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം രാഹുല്‍ 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. അഞ്ചാമനായാണ് രാഹുല്‍ ബാറ്റ് ചെയ്യാനെത്തിയത്. 
 
സമീപകാലത്ത് മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേട്ട താരമാണ് രാഹുല്‍. ട്വന്റി 20 യിലും ടെസ്റ്റിലും ഓപ്പണറായി എത്തി കാര്യമായി ഒന്നും ചെയ്യാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. രോഹിത് ശര്‍മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും ഇഷ്ടക്കാരന്‍ ആയതിനാല്‍ മാത്രമാണ് രാഹുല്‍ ടീമില്‍ പിടിച്ചുനില്‍ക്കുന്നതെന്ന് വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ മധ്യനിരയിലേക്ക് വന്നാല്‍ താന്‍ ഒരു മാച്ച് വിന്നറാണെന്ന് രാഹുല്‍ വിമര്‍ശകര്‍ക്ക് ഒരിക്കല്‍ കൂടി കാണിച്ചുകൊടുത്തു. 
 
നിരവധി പേരാണ് രാഹുലിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. മോശം ഫോമിലായപ്പോള്‍ വിമര്‍ശിച്ചതിന് മാപ്പ് പറയുന്നതായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'വിമര്‍ശകര്‍ക്ക് ഇതിലും മികച്ച മറുപടി കൊടുക്കാനില്ല, കിടിലന്‍ ഇന്നിങ്‌സ്' ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. 'സമ്മര്‍ദ്ദഘട്ടത്തിലും എന്തൊരു മികച്ച കളിയാണ്. ക്രിക്കറ്റില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്താണെന്ന് ഒരിക്കല്‍ കൂടി രാഹുല്‍ തെളിയിച്ചു' ഒരാള്‍ ട്വീറ്റ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍