ലാറയേയും മറികടന്ന് മുന്നോട്ട്, റൂട്ട് ലക്ഷ്യം വെയ്ക്കുന്നത് സച്ചിന്റെ സിംഹാസനം

അഭിറാം മനോഹർ

ശനി, 27 ജൂലൈ 2024 (19:20 IST)
Joe Root
ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നാഴികകല്ല് കൂടെ പിന്നിട്ട് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്.  വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 14 റണ്‍സ് പിന്നിട്ടതോടെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും റണ്‍ വേട്ടക്കാരില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ റൂട്ട് പിന്നിലാക്കി. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ജോ റൂട്ട്.
 
 വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ 11,940 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം. ഇന്നത്തെ ഇന്നിങ്ങ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 14ല്‍ നില്‍ക്കെയാണ് റൂട്ട് ലാറയെ മറികടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്ങ്‌സില്‍ 282 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ 228 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലാണ്. 84 റണ്‍സുമായി ജോ റൂട്ടും 37 റണ്‍സുമായി ജാമി സ്മിത്തുമാണ് ക്രീസിലുള്ളത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 12,000 റണ്‍സെന്ന നാഴികകല്ലും ജോ റൂട്ട് പിന്നിട്ടു.
 
200 മത്സരങ്ങളില്‍ നിന്നും 15,921 റണ്‍സുമായി ഇന്ത്യയുടെ ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ടെസ്റ്റിലെ എക്കാലത്തെയും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. 168 മത്സരങ്ങളില്‍ നിന്നും 13,378 റണ്‍സുമായി റിക്കി പോണ്ടിംഗ് രണ്ടാമതും 166 മത്സരങ്ങളില്‍ 13,289 റണ്‍സുമായി ജാക്ക് കാലിസ് മൂന്നാം സ്ഥാനത്തുമാണ്. 13,288 റണ്‍സുമായി രാഹുല്‍ ദ്രാവിഡ്, 12,472 റണ്‍സുമായി അലിസ്റ്റര്‍ കുക്ക്, 12,400 റണ്‍സുമായി കുമാര്‍ സംഗക്കാര എന്നിവരാണ് റൂട്ടീന് മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍