ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല, മൂന്നാമതാണ് ബാറ്റ് ചെയ്യുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ല, മാനസികമായി തകർന്നപ്പോൾ ഒപ്പം നിന്നത് ദൈവം: ജെമീമ റോഡ്രിഗസ്
 
വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു ഹീറോ ജന്മമെടുത്തിരിക്കുകയാണ്. മത്സരത്തില്‍ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ജെമീമ റോഡ്രിഗസ്. ഫൈനല്‍ മത്സരത്തില്‍ മൂന്നാമതായി ക്രീസിലിറങ്ങി ഇന്ത്യയ്ക്ക് വിജയം നേടികൊടുത്തെങ്കിലും ഈ ലോകകപ്പിലെ ജെമീമയുടെ യാത്ര കഠിനമായതായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തി ടീമിനെ സ്ഥാനം നഷ്ടമായതിന് ശേഷമാണ് സെമിഫൈനലില്‍ ജെമീമ ഇന്ത്യയുടെ മിശിഹയായി അവതരിച്ചത്.
	 
	മത്സരശേഷം പ്രതികരിക്കവെ തന്റെ ഫിഫ്റ്റിയോ സെഞ്ചുറിയോ ഒരിക്കലും പ്രധാനമായിരുന്നില്ലെന്നും ടീമിനെ വിജയത്തിലെത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ജെമീമ പറഞ്ഞത്. മാനസികമായി ഏറെ പ്രയാസമേറിയ കാലത്തിലൂടെയാണ് കടന്നുപോയതെന്നും ദൈവം എനിക്കായി പോരാടും എന്ന ബൈബിളിലെ തിരുവചനങ്ങളാണ് തന്റെ ഇന്നിങ്ങ്‌സിന് കരുത്തായതെന്നും ജെമീമ പറഞ്ഞു.
	 
	ആദ്യമത്സരങ്ങളിലടക്കം മോശം പ്രകടനം നടത്തി പ്രയാസകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്. ആ സമയത്തെ നേരിടാന്‍ സഹായിച്ചത് ദൈവത്തോടുള്ള വിശ്വാസമാണ്. തുടക്കത്തില്‍ ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടേയിരുന്നു. ബൈബിളിലെ തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. നിശ്ചലയായി നില്‍ക്കുക, ദൈവം നിനക്കായി പോരാടും ആ വാക്കുകള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു. ദൈവം എനിക്കായി പോരാടി. ജെമീമ വൈകാരികമായി പ്രതികരിച്ചു.
	 
	അതേസമയം അമ്മയ്ക്കും അച്ഛനും തന്റെ കോച്ചിനും തന്നെ വിശ്വസിച്ച എല്ലാവരോടും താരം നന്ദി പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസം ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. ഈ വിജയം സ്വപ്നം പോലെയാണ് തോന്നുന്നത്. ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ടീം പരാജയപ്പെട്ടിട്ടുണ്ട്. ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ക്രീസില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ജെമീമ പറഞ്ഞു.