ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ബുംറ ലോകകപ്പ് ടീമില്‍ ഉണ്ടാകും, പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്

ശനി, 1 ഒക്‌ടോബര്‍ 2022 (08:25 IST)
പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തേക്ക് എന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കേട്ടത്. ഇതേ കുറിച്ച് ബിസിസിഐ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും ബുംറയുടെ പരുക്ക് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാരണമായേക്കുമെന്ന് ആരാധകര്‍ മനസ്സില്‍ വിചാരിച്ചു. അങ്ങനെയിരിക്കെയാണ് ക്രിക്കറ്റ് ആരാധകരെ തേടി ഒരു സന്തോഷവാര്‍ത്ത വരുന്നത്. ജസ്പ്രീത് ബുംറയുടെ പരുക്ക് ഗുരുതരമല്ലെന്നും ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷം ബുംറ ലോകകപ്പ് ടീമിനൊപ്പം ചേരുമെന്നുമാണ് വിവരം. 
 
ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ബുംറ കളിച്ചേക്കില്ല. ഗ്രൂപ്പ് ഘട്ടം കഴിയുന്നതോടെ താരം വിശ്രമത്തിനു ശേഷം തിരിച്ചെത്തിയേക്കും. ഇത് വലിയ പ്രതീക്ഷയാണ് ഇന്ത്യക്ക് നല്‍കുന്നത്. ബിസിസിഐ വിദഗ്ധസംഘം ബുംറയെ നിരീക്ഷിക്കുന്നുണ്ട്. 
 
ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ബുംറയുടെ പരുക്കിനെ കുറിച്ച് പ്രതികരിച്ചു. ലോകകപ്പിനു ഇനിയും ഏതാനും ദിവസങ്ങള്‍ കൂടിയുണ്ടെന്നും അന്തിമ തീരുമാനം ഇപ്പോള്‍ എടുക്കേണ്ടതില്ലെന്നുമാണ് ഗാംഗുലിയുടെ നിലപാട്. ലോകകപ്പിനു തൊട്ടുമുന്‍പ് ബുംറയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അന്തിമ തീരുമാനം എടുക്കാമെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍