നേരാവണ്ണം പന്ത് പിടിക്കാന്‍ പോലും അറിയാത്തവന്‍ വിക്കറ്റ് കീപ്പര്‍, ഇതിലും ഭേദം സഞ്ജു; ഇഷാന്‍ കിഷനെതിരെ രൂക്ഷ വിമര്‍ശനം

Webdunia
ബുധന്‍, 29 നവം‌ബര്‍ 2023 (13:11 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ഇഷാന്‍ കിഷന്‍ ആണ്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇഷാന്‍ സമ്പൂര്‍ണ പരാജയമായിരുന്നു. അവസാന രണ്ട് ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 43 റണ്‍സാണ്. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറില്‍ 22 റണ്‍സും പ്രസിത് കൃഷ്ണ എറിഞ്ഞ 20-ാം ഓവറില്‍ 23 റണ്‍സും ഓസ്‌ട്രേലിയ അടിച്ചെടുത്തു. 
 
അക്ഷര്‍ പട്ടേലിന്റെ ഓവറില്‍ ഇഷാന്‍ കിഷന്റെ പിഴവ് കാരണം 11 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് ബോണസായി ലഭിച്ചത്. 19-ാം ഓവറിന്റെ നാലാം പന്തില്‍ സ്റ്റംപിങ്ങിനായി ഇഷാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മാത്യു വെയ്ഡ് ആയിരുന്നു അപ്പോള്‍ ക്രീസില്‍. സ്റ്റംപിങ്ങിനായി ഇഷാന്‍ കിഷന്‍ അപ്പീല്‍ ചെയ്തു. ഇത് ഇന്ത്യക്ക് പാരയായി. കാരണം സ്റ്റംപിന് മുന്നില്‍ നിന്നാണ് ഇഷാന്‍ ബോള്‍ പിടിച്ചത്. അങ്ങനെ വന്നാല്‍ നോ ബോള്‍ വിളിക്കും. ഇഷാന്‍ കിഷന്‍ സ്റ്റംപിന് മുന്നില്‍ നിന്ന് പന്ത് പിടിച്ചതിനെ തുടര്‍ന്ന് നോ ബോള്‍ അനുവദിക്കുകയും ഫ്രീ ഹിറ്റ് അവസരം മുതലാക്കി വെയ്ഡ് സിക്‌സ് പായിക്കുകയും ചെയ്തു. 
 
19-ാം ഓവറിലെ അവസാന പന്തിലും ഇഷാന്‍ പിഴവ് ആവര്‍ത്തിച്ചു. ഇത്തവണ ലെഗ് സൈഡിലൂടെ വന്ന പന്ത് പിടിക്കാന്‍ സാധിക്കാത്തതാണ് ഇഷാന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ്. ഗെലന്‍ മാക്‌സ്വെല്‍ റിവേഴ്‌സ് സ്‌കൂപ്പിന് വേണ്ടി ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ കൊണ്ടില്ല. നേരെ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക്. ചെറിയൊരു പരിശ്രമം ഉണ്ടെങ്കില്‍ ഇഷാന് ആ പന്ത് പിടിക്കാമായിരുന്നു. പക്ഷേ അത് ബൗണ്ടറി ലൈന്‍ തൊട്ടു. ഇഷാന്റെ പിഴവില്‍ അക്ഷര്‍ പട്ടേല്‍ ക്ഷുഭിതനാകുകയും ചെയ്തു. 
 
നേരത്തെയും പലതവണ ഇഷാന്‍ കിഷന്‍ കീപ്പിങ്ങില്‍ പിഴവ് വരുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പിങ്ങില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള സഞ്ജു സാംസണെ പുറത്ത് നിര്‍ത്തിയാണ് ശരാശരി വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന് തുടര്‍ച്ചയായി ഇന്ത്യ അവസരം നല്‍കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article