തന്നെ ടീമിലെടുക്കുന്നതിൽ ഗാംഗുലിക്ക് താൽ‌പര്യമുണ്ടായിരുന്നില്ല: വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ചൊവ്വ, 22 ജൂണ്‍ 2021 (22:39 IST)
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാർക്കിടയിലാണ് ഇർ‌ഫാൻ പത്താന്റെ സ്ഥാനം. 2003-04 സീസണിൽ ടീമിലെത്തിയ ഇർഫാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മികച്ച ബൗളറെന്ന് പേരെടുത്തെങ്കിലും പിന്നീട് ഓൾറൗണ്ടർ എന്ന നിലയിലേക്ക് മാറുകയായിരുന്നു. വലിയ കരിയർ പ്രവചിക്കപ്പെട്ട താരത്തിന് പ്രതീക്ഷിച്ചത് പോലെ ഏറെ കാലം ഇന്ത്യൻ ക്രിക്കറ്റിൽ നിലനിൽക്കാനും സാധിച്ചില്ല. ഇപ്പോഴിതാ തന്റെ അരങ്ങേറ്റ പര്യടനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
ഓസീസിനെതിരായ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് മുൻപ് അന്നത്തെ ടീം നായകനായ സൗരവ് ഗാംഗുലി തന്റെ അരികെയെത്തുകയും തന്നെ ടീമിന് ആവശ്യമില്ലെന്ന് പറഞ്ഞുവെന്നും ഇർഫാൻ പറയുന്നു. അന്നത്തെ തന്റെ പ്രായം 19 മാത്രമായിരുന്നു എന്നത് കണക്കിലാക്കിയാവും ഗാംഗുലി അങ്ങനെ പറഞ്ഞതെന്ന് ഇർഫാൻ പറയുന്നു.
 
എന്നാൽ പരമ്പരയിലെ കണ്ടെത്തൽ എന്ന വിശേഷണം നേടാൻ ഇർഫാനായി. ഇതിന് ശേഷം ത‌ന്നെ പറ്റിയുള്ള കാഴ്‌ച്ചപ്പാടിൽ ഗാംഗുലിക്ക് വലിയ മാറ്റം വന്നുവെന്നും ഇർഫാൻ പറയുന്നു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇർഫാൻ പത്താന്റെ വെളിപ്പെടുത്തൽ. അന്നത്തെ മികച്ച പ്രകടനത്തിന് ശേഷം ഗാംഗുലി താൻ കരുതിയത് തെറ്റായിരുന്നുവെന്ന് പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്നാണ് ഇർഫാൻ പറയുന്നത്. ഒരു ക്യാപ്‌റ്റൻ അപൂർവമായാണ് തന്റെ തെറ്റുകൾ തുറന്ന് സമ്മതിക്കാറു‌ള്ളു എന്നതാണ് ഇതിന് കാരണമായി ഇർഫാൻ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍