ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് സംഭവിച്ച ബാറ്റിംഗ് തകർച്ച തന്നെയാണ് ന്യൂസിലൻഡിനെയും കാത്തിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് താരം ആകാശ് ചോപ്ര. രാവിലത്തെ സാഹചര്യങ്ങൾ ഇന്ത്യൻ ബൗളർമാർക്ക് അനുകൂലമാണെന്നും പന്ത് സ്വിങ് ചെയ്യാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിക്കുകയാണെങ്കിൽ ന്യൂസിലൻഡ് നിര തകർന്നടിയുമെന്നും ചോപ്ര പറയുന്നു.
രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്ത ഇന്ത്യയ്ക്കായി ക്രീസിലുണ്ടായിരുന്നത് നിലയുറപ്പിച്ചുകഴിഞ്ഞ രണ്ടു ബാറ്റ്‌സ്മാന്‍മാരായിരുന്നു. പക്ഷേ രണ്ടാം ദിവസം രാവിലെ കളി തുടങ്ങിയപ്പോൾ തന്നെ സാഹചര്യങ്ങൾ മാറി. പന്ത് സ്വിങ് ചെയ്യാൻ ആരംഭിച്ചതോടെ ഇന്ത്യയുടെ മധ്യനിരയും വാലറ്റവും തകർന്നു. നാലാം ദിവസവും ഇതേ വെല്ലുവിളിയാണ് കിവീസിന് മുന്നിലുള്ളത്. 150 റൺസെങ്കിലും ലീഡ് നേടിയാൽ മാത്രമെ കളി സ്വന്തമാക്കാൻ ന്യൂസിലൻഡിന് സാധിക്കുകയുള്ളുകയെന്നും ചോപ്ര പറഞ്ഞു.