എല്ലാം അവതാളത്തിലായി? ധോണി മുതൽ സഞ്ജു വരെ, ഇനിയൊരു തിരിച്ച് വരവുണ്ടാകില്ല ശശിയേ...

അനു മുരളി

വെള്ളി, 3 ഏപ്രില്‍ 2020 (16:22 IST)
കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ ഇത്തരത്തിൽ മാറ്റിവെച്ചിരിക്കുകയാണ്. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ മത്സരങ്ങൾ ഈ വർഷം തന്നെ നടത്താനും സാധ്യതയുണ്ട്. അത് വെറും സാധ്യത മാത്രമാണെന്നിരിക്കെ നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത് നിരവധി താരങ്ങളാണ്. ധോണി മുതൽ സഞ്ജു വരെ. 
 
ഏകദേശം ഒരു വർഷമായി ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുന്ന എം എസ് ധോണി അടക്കമുള്ളവരുടെ അവസാന കച്ചിത്തുരുമ്പായിരുന്നു ഐ പി എൽ എന്നുവേണം പറയാൻ. പലതാരങ്ങൾക്കും കഴിവ് തെളിയിക്കാൻ കിട്ടുന്ന അവസാന ചോയ്സ് ആയിരുന്നിരിക്കാം. ഐ പിഎൽ മാറ്റിവെച്ചതോടെ ആർക്കൊക്കെയാണ് പണി കിട്ടിയതെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര പങ്കുവെയ്ക്കുന്നു.
 
ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരാനുള്ള അവാസന ഓപ്ഷനായിരുന്നു മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു ഐ പി എൽ. ചെന്നൈ സൂപ്പർകിങ്സിന്റെ സൂപ്പർ താരമായ റെയ്ന അടുത്തിടെ മറ്റ് മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടുമില്ല. ഇനിയൊരു തിരിച്ച് വരവുണ്ടെങ്കിൽ അത് ഐ പി എൽ മൂലമായിരിക്കും. എന്നാൽ, ആ ഐ പി എൽ ആണ് നടക്കുമോ ഇല്ലയോ എന്ന സംശയത്തിൽ നിൽക്കുന്നത്.
 
ധോണിയുടെ തിരിച്ച് വരവും ഐ പി എലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഐ പി എല്ലിൽ മിന്നും പ്രകടനം കാഴ്ച വെയ്ക്കാൻ പരിശീലനം വരെ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കൊറോണ വില്ലനായി എത്തുന്നത്. ധോണി മോഹങ്ങളും അസ്തമിക്കുമോയെന്ന് അടുത്ത് തന്നെ അറിയാം.
 
ധോണിക്കും റെയ്നയ്ക്കും ഐ പി എൽ തന്നെ ശരണം എന്ന് പറയുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരാളുണ്ട്. സഞ്ജു സാംസൺ. അവസരം ലഭിച്ചിട്ടും ഭാഗ്യമില്ലാതെ പോയ മലയാളി താരം.സമീപകാലത്ത് ഇന്ത്യന്‍ ടീമിനൊപ്പം ചില അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ, അവയൊന്നും വേണ്ടരീതിയിൽ മുതലാക്കാൻ സഞ്ജുവിനു കഴിഞ്ഞില്ല. ഐപിഎല്ലില്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ താരം കൂടിയായിരുന്നു സഞ്ജു. ശക്തമായ മടങ്ങിവരവിനൊരുങ്ങുകയായിരുന്നു സഞ്ജുവും. 
 
ഈ ലിസ്റ്റിൽ ഇനിയുള്ളത് റിഷഭ് പന്ത് ആണ്. ധോണിയുടെ പകരക്കാരൻ എന്ന് ലോകക്രിക്കറ്റ് ആകാംഷയോടെ നോക്കിയ താരം പക്ഷേ ഇപ്പോൾ തുടക്കക്കാരേക്കാൾ കഷ്ടമാണെന്ന് പറയാതെ വയ്യ. സ്ഥിരത നിലനിര്‍ത്താന്‍ പാടുപെടുകയും വിക്കറ്റ് കീപ്പിങില്‍ പിഴവുകള്‍ വരുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന പന്തിന് ഇപ്പോള്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ ഇടമില്ല. ഐ പി എല്ലിൽ തനിക്ക് കഴിയുമെന്ന് പന്തിനു പ്രതീക്ഷയുണ്ട്. പക്ഷേ എന്ത് ചെയ്യാം എല്ലാം കൊറോണ കൊണ്ടുപോയില്ലേ?

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍