കൊവിഡ് 19: ഐ‌പിഎൽ മത്സരങ്ങൾ വെട്ടിച്ചുരുക്കിയേക്കുമെന്ന് സൗരവ് ഗാംഗുലി

അഭിറാം മനോഹർ

തിങ്കള്‍, 16 മാര്‍ച്ച് 2020 (11:28 IST)
കൊറോണ രോഗം പടരുന്ന സാഹചര്യത്തിലാണ് മാർച്ച് 29ന് നടക്കേണ്ടിയിരുന്ന ഈ വർഷത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ അടുത്ത മാസം 15 വരെ നീട്ടിവെച്ചത്. രാജ്യത്തുടനീളം കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദേശത്തിനെ തുടർന്നായിരുന്നു മത്സരങ്ങൾ നീക്കിവെക്കാൻ തീരുമാനിച്ചത്. ഐ‌പിഎൽ മത്സരങ്ങൾ മാറ്റിവെച്ചതിനാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താമെന്ന നിർദേശം വന്നിരുന്നെങ്കിലും മാറ്റിവെക്കാൻ തന്നെയായിരുന്നു ബിസിസിഐ തീരുമാനം.
 
എന്നാൽ മുൻനിശ്ചയപ്രകാരം ഏപ്രിൽ 15ആം തിയ്യതി ഐ‌പിഎൽ തുടങ്ങിയാൽ തന്നെ ഇത്തവണത്തെ ഐ‌പിഎൽ മത്സരങ്ങൾ വെട്ടിച്ചുരുക്കിയേക്കുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്.ബിസിസിഐ അധികൃതരും ഐപിഎൽ ഉടമകളും തമ്മിൽ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 15ന് തന്നെ ഇത്തവണ ഐ‌പിഎൽ മത്സരങ്ങൾ ആരംഭിക്കുകയാണെങ്കിൽ തന്നെ ഐപിഎൽ മത്സരങ്ങൾ വെട്ടിക്കുറക്കേണ്ടതായി വരും. എന്നാൽ എങ്ങനെ ചെറുതാക്കണമെന്നും എത്ര മത്സരങ്ങളായിരിക്കും ഐപിഎല്ലിൽ ഉണ്ടാവുക എന്നതും ഇപ്പോൾ വ്യക്തമാക്കാനാവില്ല. ഗാംഗുലി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍