വഴിപിഴച്ച ഐപിഎല്ലിന്റെ ചെവിക്ക് കോടതി പിടിക്കുമ്പോള്‍

ജിബിന്‍ ജോര്‍ജ്
ചൊവ്വ, 14 ജൂലൈ 2015 (16:38 IST)
ഇന്ത്യന്‍ ക്രിക്കറ്റിനെ രണ്ട് ഘട്ടമായി തിരിക്കാമെങ്കില്‍ 1983ന് മുമ്പും ലോകകപ്പ് നേട്ടത്തിന് ശേഷവുമുള്ള കാലവുമാണ്. കപ്പ് നേടിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായ സ്ഫോടനാത്‌മകമായ മാറ്റം ചെറുതായിരുന്നില്ല. ക്രിക്കറ്റ് മതവും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് ദൈവവുമായി അവരോധിക്കപ്പെട്ട ഭ്രാന്തന്മാര്‍ ക്രിക്കറ്റിനെ പൊന്നു പോലെ സ്‌നേഹിച്ചു. കളി കാര്യമായതോടെ വാതുവെപ്പെന്ന ദുര്‍ഭൂതം ക്രിക്കറ്റിലേക്ക് പടര്‍ന്നു പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീമിനെയും പാകിസ്ഥാന്‍ ടീമിനെയും മലിനമാക്കിയ വാതുവെപ്പ് ഇന്ത്യന്‍ ക്രിക്കറ്റിലേക്കും പടര്‍ന്നു പിടിച്ചു. കാര്യങ്ങള്‍ കൈവിട്ട് പോയതോടെ പണക്കൊഴുപ്പിന്റെ പൂര്‍ണ്ണ രൂപമായ ബി സി സി ഐ അജയ് ജഡേജ, അസറുദ്ദിന്‍ എന്നീ താരങ്ങളെ ശിക്ഷിച്ച് ചോരക്കറ കഴുകി കളഞ്ഞു.

കുട്ടി ക്രിക്കറ്റിന്റെ സൌന്ദര്യം കച്ചവടച്ചരക്കാക്കാന്‍ ലളിത് മോഡിയെന്ന വ്യവസായി ബി സി സി ഐയുടെ സമ്മതപത്രവും വാങ്ങി ഇറങ്ങിയതോടെ വാതുവെപ്പ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പടര്‍ന്നു. ക്രിക്കറ്റ് ഭ്രാന്തന്‍മാരെ വളരെ വേഗം വലിച്ചടിപ്പിക്കാനും ആവേശം കൊള്ളിക്കാനും ഇന്ത്യന്‍ പ്രീമിയര്‍  ലീഗിന് (ഐപിഎല്‍) സാധിക്കുമെന്ന് മനസിലാക്കിയ മോഡി ഒരു അറ്റത്ത് നിന്ന് തുടങ്ങിയ കള്ളക്കളിക്ക്, സുപ്രീംകോടതി നിയോഗിച്ച ആര്‍എം ലോധ വിധി പറയുബോള്‍ കൈയെത്തും ദൂരത്ത് വന്‍മരങ്ങള്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പറ്റിപ്പിടിച്ച അഴിമതിക്കഥകള്‍ കഴുകിക്കളയാന്‍ ഉതകുന്നത് മാത്രമല്ല ലോധ സമിതിയുടെ വിധി, എന്നാല്‍ ഇനി അങ്ങോട്ട് ഐ പി എല്ലിന്റെ രണ്ടാം ഘട്ടമാണ്.

ഐ പി എല്ലിലെ കളങ്കമായ ബി സി സി ഐ മുൻ അദ്ധ്യക്ഷൻ എൻ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പർ കിംഗ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാൻ റോയൽസ് സഹ ഉടമയും നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റില്‍ നിന്ന് ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തിയത് കൈയ്യടി നേടാവുന്ന വിധി തന്നെ. എട്ട് ടീമുകള്‍ അണി നിരന്ന ഐ പി എല്ലില്‍ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഇനി രണ്ടു വര്‍ഷത്തേക്ക് ഇല്ല. എന്നാല്‍ ലോധയുടെ വിധി പൂര്‍ത്തിയാകുമ്പോള്‍ ഒട്ടവനവധി ചേദ്യങ്ങള്‍ ബാക്കിയാകുന്നുണ്ട്.

ഐ പി എല്ലില്‍ നിഗൂഡമായ ചരിത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഉള്ളത്. പരാജയപ്പെടുന്ന നിമിഷങ്ങളില്‍ നിന്ന് ജയത്തിലേക്ക് ശക്തമായി തിരിച്ചെത്തുക. ഐ പി എല്‍ ചരിത്രത്തില്‍ എന്നും മുന്‍പന്തിയില്‍ തന്നെയുള്ള ചെന്നൈ രണ്ടുതവണ കപ്പ് ഉയര്‍ത്തുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫൈനലിലും അവസാന നാലിലും എത്തുകയും ചെയ്‌ത ടീമാണ്. ശക്തമായ നിര ഉണ്ടായിട്ടും ഫൈനലുകളില്‍ ചെറിയ സ്‌കോര്‍ നേടി തോല്‍വി വഴങ്ങുന്നു. ചിലപ്പോള്‍ ചെറിയ സ്‌കോര്‍ പോലും പിന്തുടരാന്‍ കഴിയാതെ പാതിവഴിയില്‍ തളര്‍ന്നു വീഴുന്നു. അപ്പോഴും ചിരിക്കുന്ന മുഖവുമായി സൈഡ് ബഞ്ചില്‍ ഒരു പിടി താരങ്ങള്‍ ഇരിപ്പുണ്ടാവും. കാമറ കണ്ണുകള്‍ ഈ ദൃശ്യം ആവര്‍ത്തിച്ച് കാണിച്ചിട്ടും ആ കാഴ്‌ച പിന്നെയും തുടര്‍ന്നു.

ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച  മഹേന്ദ്ര സിംഗ് ധോണിയെന്ന ശക്തനാണ് മഞ്ഞപ്പെടയുടെ നായകന്‍. ഇന്ന് വിവാദങ്ങളും എതിര്‍പ്പുകളും നായകനെ വിടാതെ പിന്തുടരുകയുമാണ്. ശ്രീനിവാസനും മെയ്യപ്പനുമായുള്ള അടുത്ത ബന്ധവും ഇരുവരുടെയും ബിസിനസുകളില്‍ പങ്കാളിയാകുകയും ചെയ്‌തതോടെ ധോണി വിവാദങ്ങളുടെ തോഴനായി. വാഴ്‌ത്തിയവര്‍ തന്നെ തള്ളിപ്പറഞ്ഞു.

എന്നാല്‍ ബി സി സി ഐക്കും ആര്‍ എം ലോധ സമിതിക്കും പിടി കൊടുക്കാതെ നടക്കുകയാണ് അദ്ദേഹം. അല്ലെങ്കില്‍ ധോണിയെ തൊടാന്‍ ബി സി സി ഐയും ധൈര്യം കാണിക്കുന്നില്ല എന്ന് കരുതണം. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാശമായിരിക്കും അത്. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരുപിടി താരങ്ങള്‍ ചിത്രത്തിലേക്ക് എത്തും. ട്വിന്റി 20 ലോകകപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെ ധോണി ഉള്‍പ്പെടയുള്ളവരെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ല.

രാജസ്ഥാന്‍ റോയല്‍സില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. മലയാളിതാരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോഴും രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ടീം താളം കണ്ടെത്തി. എന്നാല്‍ അവിടെ കാര്യങ്ങള്‍ നടന്നത് അകത്തളത്തിലായിരുന്നു. സഹ ഉടമയായ രാജ് കുന്ദ്ര വിരിച്ച വലയില്‍ വമ്പന്‍ സ്രാവുകള്‍ ആടിത്തിമിര്‍ത്തു. ഗുരുനാഥ് മെയ്യപ്പനുമായി കൈകോര്‍ത്ത് കളത്തിന് പുറത്തും അകത്തും നിന്നുമായി വാതുവെപ്പ് ഇടപാടുകള്‍ സജീവമാക്കി. ചുറ്റിലും പ്രളയം പോലെ പണം ഒഴുകുന്നത് സ്വപ്‌നം കണ്ടു നടന്നവര്‍ താരങ്ങളെ വിലയ്‌ക്ക് വാങ്ങിയും സ്വന്തം ടീമിനെ വിറ്റും പണം വാരിക്കൂട്ടി.

ശ്രീശാന്തും രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റു രണ്ടു താരങ്ങളും ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതോടെയാണ് 2013 ഐ പി എല്‍ അഴിമതിക്കേസിന്റെ നാടകീയ തുടക്കം.

ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ല മൈതാനത്ത് നടക്കുന്ന മാന്യന്മാരുടെ കളി. വാതുവെപ്പ് ഫലവത്താകണമെങ്കില്‍ താരങ്ങളെ പണം കൊണ്ടു മൂടണം. അവര്‍ ചോദിച്ച പണം നല്‍കി അവരെ സംതൃപ്‌തരാക്കണം എന്നാല്‍ ഈ താരങ്ങള്‍ ആരെല്ലാം. മെയ്യപ്പനും കുന്ദ്രയ്ക്കും ഇടപാടുകള്‍ നടത്തി വിജയിപ്പിക്കാന്‍ ഇവരെ സഹായിച്ച താരങ്ങള്‍ ആരെല്ലാം. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ വാതുവെപ്പ് പതിവാണെങ്കില്‍ ആ താരങ്ങള്‍ ആരെല്ലാം എന്നീ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരമായിട്ടില്ല. വാതുവെപ്പ് നടത്തിയവര്‍ മുതല്‍ അത് പ്രാവര്‍ത്തികമാക്കിയ കളിക്കാരെ വരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഐ പി എല്ലില്‍ അടിമുടി ശുദ്ധികലശം നടത്താന്‍ സാധിക്കു. അതിനുള്ള ആര്‍ജവവും ക്രിക്കറ്റ് ഭ്രാന്തന്മാരുടെ നാട്ടിലെ നിയമങ്ങള്‍ക്കും ന്യായാധിപന്മാര്‍ക്കും ഉണ്ടാകട്ടെ.