ഇന്ത്യാ ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് മത്സരപരമ്പര നാളെ ആരംഭിക്കാനിരിക്കെ നവംബർ 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സത്തിനുമായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ബംഗ്ലാദേശിനൊടുള്ള ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരങ്ങൾക്കായി പിങ്ക് ബോൾ ഉപയോഗിച്ചാണ് ബാംഗ്ലൂരിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് ഇന്ത്യൻ ടീമിലെ ചില താരങ്ങൾ ഇന്നലെ പരിശീലനം നടത്തിയത്. പരിശീലനം പൂർത്തിയാക്കിയ ശേഷം ഇവർ ഇന്ത്യൻ ടീമിനോടൊപ്പം ഇൻഡോറിൽ ചേർന്നു.
മറ്റ് ടെസ്റ്റുകൾ പോലെയായിരിക്കില്ല കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ടെസ്റ്റ് മത്സരമെന്നും വ്യതസ്തമായ ബോൾ ഗെയിം ആയിരിക്കുമെന്നും ടെസ്റ്റ് ടീമിലെ ഇന്ത്യൻ ഉപനായകൻ ആജിങ്ക്യ രഹാനെ പറഞ്ഞു. പിങ്ക് ബോൾ ഉപയോഗിച്ചുകൊണ്ട് ഇതാദ്യമായാണ് രഹാനെ കളിക്കുന്നത്.
റെഡ് ബോളിനോട് താരതമ്യം ചെയ്യുമ്പോൾ പിങ്ക് ബോളിന് സ്വിങും സീമും കൂടുതലാണ്. അതുകൊണ്ട് തന്നെ പന്തിന്റെ മൂവ്മെന്റ് കൃത്യമായി മനസിലാക്കിയ ശേഷമേ കളിക്കുവാൻ സാധിക്കുകയുള്ളു. നിലവിൽ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവി കൂടിയായ രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിലാണ് താരങ്ങൾ ഇന്നലെ പിങ്ക് ബോളിൽ ഷോട്ടുകൾ പരിശീലിച്ചത്.
കൊൽക്കത്തയിലെ മത്സരത്തിന് മുൻപ് ഇന്ത്യക്ക് രണ്ട് പ്രാക്ടീസ് സെഷനുകൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഈ സമയത്തിനുള്ളിൽ പിങ്ക് ബോളുമായി എല്ലാവർക്കും പൊരുത്തപ്പെടുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ ഉപനായകൻ ആജിങ്ക്യ രഹാനെ പറഞ്ഞു.