ഫൈനലിന് മുൻപ് തന്നെ ഇന്ത്യയെ ചാമ്പ്യന്മാരാക്കി, ആരാധകർ തെറ്റ് അംഗീകരിക്കണമെന്ന് വസീം അക്രം

ബുധന്‍, 29 നവം‌ബര്‍ 2023 (18:21 IST)
ഇന്ത്യയുടെ ലോകകപ്പ് പരാജയത്തെ കടുത്ത വേദനയൊടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഏറ്റുവാങ്ങിയത്. ലോകകപ്പ് തോല്‍വിയില്‍ വലിയ നിരാശയിലായിരുന്നു ഇന്ത്യന്‍ ആരാധകരെല്ലാം തന്നെ. എന്നാല്‍ ഈ കടുത്ത നിരാശയ്ക്ക് കാരണം ആരാധകര്‍ തന്നെയാണെന്നും ആ തെറ്റ് ആരാധകര്‍ തിരിച്ചറിയണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് ഇതിഹാസമായ വസീം അക്രം. ഫൈനലിന് മുന്‍പ് തന്നെ ഇന്ത്യയെ ചാമ്പ്യന്മാരായി സോഷ്യല്‍ മീഡിയയും ടെലിവിഷന്‍ ചാനലുകളും ആരാധകരും പ്രഖ്യാപിച്ചിരുന്നെന്ന് അക്രം പറയുന്നു.
 
ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയിലാണ് ഇന്ത്യ കളിച്ചത്. അതിനാല്‍ തന്നെ ഫൈനലിലെ തോല്‍വിയില്‍ നിന്നും കരകയറാന്‍ ഒരു രാജ്യമെന്ന രീതിയില്‍ ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലാകും. തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ച ടീം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയത്. പക്ഷേ ആരാധകര്‍,ചാനലുകള്‍,സോഷ്യല്‍ മീഡിയ എല്ലാവരും കൂടെ ഫൈനലിന് മുന്‍പ് തന്നെ ഇന്ത്യയെ ജേതാക്കളാക്കി. തെറ്റ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ട്. അത് അംഗീകരിക്കണം.
 
എത്ര നന്നായി നിങ്ങള്‍ ഒരു ടൂര്‍ണമെന്റില്‍ കളിച്ചാലും ഒറ്റ ദിവസത്തെ പ്രകടനത്തിനാണ് പ്രാധാന്യം. ക്രെഡിറ്റ് ഓസ്‌ട്രേലിയയ്ക്കാണ്. ഇന്ത്യന്‍ ബാറ്റിംഗിന്റെ മധ്യ ഓവറുകളില്‍ ഓസ്‌ട്രേലിയ അവരുടെ പദ്ധതികള്‍ കൃത്യമായ രീതിയില്‍ നടപ്പിലാക്കി. അത് ഫൈനലില്‍ നിര്‍ണായകമായി. ഈ തോല്‍വി മറന്നുകൊണ്ട് മുന്നോട്ട് പോകു.2024ല്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിനെ ആത്മാര്‍ഥമായി പിന്തുണയ്ക്കു. ഇന്ത്യന്‍ ആരാധകരോട് അക്രം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍