സ്പിൻ ട്രാക്കുകളിലെ ഇന്ത്യൻ ആധിപത്യം ക്ഷയിക്കുന്നു, ആശങ്ക പങ്കുവെച്ച് സെവാഗ്

അഭിറാം മനോഹർ

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (17:19 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വിയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണിംഗ് താരമായ വിരേന്ദര്‍ സെവാഗ്. 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും അടുത്ത 2 മത്സരങ്ങളിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു.
 
സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് പരമ്പരയില്‍ കാണാനായത്. ലങ്കയിലെ സ്പിന്‍ ട്രാക്കുകളില്‍ ടേണും സ്പിന്നും തിരിച്ചറിയാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കുഴങ്ങിയിരുന്നു. ഒരുകാലത്ത് സ്പിന്‍ ഏറ്റവും നന്നായി കളിച്ചിരുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒന്നടങ്കം തുടര്‍ച്ചയായി പരാജയപ്പെട്ടത് ഇന്ത്യന്‍ ക്രിക്കറ്റിന് ആശങ്ക സമ്മാനിക്കുന്നതാണ്.
 
ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നിന് മുന്നില്‍ പരാജയപ്പെടുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. വൈറ്റ് ബോള്‍ ക്രിക്കറ്റ് കൂടുതലായി കളിക്കുന്നതാണ് ഇതിനൊരു കാരണമെന്ന് സെവാഗ് പറയുന്നു. ഇന്ത്യയില്‍ നിലവാരമുള്ള സ്പിന്നര്‍മാരുടെ കുറവുണ്ടെന്നും താരം പറയുന്നു.
 
 പണ്ട് ബാറ്റര്‍മാര്‍ക്കെതിരെ സ്പിന്നര്‍മാര്‍ക്ക് തുടര്‍ച്ചയായി പന്തെറിയേണ്ടി വന്നിരുന്നു. ഇന്നിപ്പോള്‍ 24 പന്തുകള്‍ എറിഞ്ഞാല്‍ മതി. അതിനാല്‍ ബാറ്റര്‍മാരെ പുറത്താക്കാനുള്ള കഴിവ് സ്പിന്നര്‍മാര്‍ക്കില്ല. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ മുന്‍പത്തെ പോലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍ സ്പിന്നര്‍മാരെ കളിക്കാന്‍ അവസരമുള്ളത് ആഭ്യന്തര ക്രിക്കറ്റിലാണ്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് കൂടിയതിനാലും തിരക്കേറിയ ഷെഡ്യൂള്‍ കാരണവും ഇതിന് സാധിക്കുന്നില്ല. ഇത് സ്പിന്‍ കളിക്കാനുള്ള താരങ്ങളുടെ ശേഷി കുറയ്ക്കുന്നു.സെവാഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍