ഒരു ഓവറിൽ ആറു സിക്സുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മൽസരത്തിലാണ് ആറു പന്തിൽ ആറു സിക്സെന്ന അപൂർവ നേട്ടത്തിന് ജഡേജ അര്‍ഹനായത്. യുവരാജ് സിംഗിനും രവി ശാസ്ത്രിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമായി മാറാനും ജഡേജയ്ക്ക് കഴിഞ്ഞു.
മത്സരത്തിന്റെ പത്താം ഓവറിലാണ് ജഡേജ ക്രീസിലെത്തിയത്. തുടര്‍ന്ന് 15-ാം ഓവറിൽ ഓഫ് സ്പിന്നർ നിലാം വംജയെ അദ്ദേഹം നിലംതൊടാതെ പറത്തി. മത്സരത്തിൽ 69 പന്തിൽനിന്ന് 154 റണ്‍സ് അടിച്ചെടുത്ത ജഡേജ, പത്തു സിക്സറുകളും 15 ബൗണ്ടറികളും അക്കൗണ്ടിൽ കുറിക്കുകയും ചെയ്തു.
ജഡേജയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ജാംനഗർ 239 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അംരേലിക്ക് വെറും 118 റണ്‍സ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. 36 റൺസെടുത്ത വിശാൽ വസോയയും 32 റൺസെടുത്ത നീലം വാംജയുമാണ് അംരേലിയുടെ ടോപ് സ്കോറർമാർ. ജാംനഗറിനായി മഹേന്ദ്ര ജേത്‍വ നാല് ഓവറിൽ ആറ് റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.