ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്ങ്‌സിലും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പുറത്താവുന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്‌കൂപ്പിന് ശ്രമിച്ച് നഥാന്‍ ലിയോണിന് ക്യാച്ച് സമ്മാനിച്ചായിരുന്നു പന്ത് മടങ്ങിയത്. രണ്ടാം ഇന്നിങ്ങ്‌സിലാകട്ടെ ടീമിന് ഏറെ നിര്‍ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെയാണ് വലിയ ഷോട്ടിന് ശ്രമിച്ച് പന്ത് വിക്കറ്റ് കളയുകയായിരുന്നു. ഈ വിക്കറ്റ് നഷ്ടമായതോടെയായിരുന്നു രണ്ടാമിന്നിങ്ങ്‌സില്‍ ഇന്ത്യന്‍ തകര്‍ച്ചയ്ക്കും തുടക്കമായത്.
ഇതോടെ പന്തിന്റെ പുറത്താകലിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. അത് അങ്ങനെയങ്ങ് സംഭവിച്ചു. അതിനെ പറ്റി പിന്നീട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മത്സരം പരാജയപ്പെട്ടതില്‍ നിരാശയിലാണ്. എന്താണ് സാഹാചര്യമെന്ന് പന്ത് മനസിലാക്കേണ്ടതുണ്ട്. ഇതൊന്നും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മുന്‍പ് അവന്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ച് റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. ടീമിന് വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ചില സമയത്ത് പന്ത് കളിക്കുന്ന രീതിയെ പിന്തുണയ്‌ക്കേണ്ടതായി വരും. എന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോയില്ലെങ്കില്‍ എല്ലാവര്‍ക്കും നിരാശ തോന്നും. ആ പ്ലാന്‍ ചില സമയത്ത് വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും.
മുന്‍പ് ഈ രീതിയില്‍ ഒട്ടേറെ മത്സരങ്ങള്‍ വിജയിപ്പിച്ചതിനാല്‍ തന്നെ അങ്ങനെ കളിക്കരുതെന്ന് പറയാനാവില്ല. എന്നാല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ശരിയായ മാര്‍ഗം അവന്‍ കണ്ടെത്തണം. മത്സരത്തിന്റെ ചില സാഹചര്യങ്ങള്‍ വിക്കറ്റ് നഷ്ടമാകാന്‍ കാരണമാകും. അത്തരം ഘട്ടങ്ങളില്‍ റിസ്‌ക് എടുക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും രോഹിത് വ്യക്തമാക്കി.