ഇൻഡോറിൽ ഇന്ത്യൻ പേസ് താണ്ഡവം. നാണംകെട്ട് ബംഗ്ലാദേശ് ബാറ്റിങ് നിര

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2019 (15:54 IST)
ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങുമ്പോൾ ഒരു വിജയത്തിൽ കുറഞ്ഞ യാതൊന്നും ബംഗ്ലാദേശ് നിര പ്രതീക്ഷിച്ചുകാണില്ല . ഷാകിബ് അൽ ഹസന്റെ അസാന്നിധ്യം ബംഗ്ലാ കടുവകളുടെ കരുത്ത് കുറക്കുന്നുണ്ടെങ്കിൽ കൂടിയും മുഷ്ഫിഖുർ റഹീമും, മുഹമ്മദുള്ളയും,മിഥുനും അടങ്ങുന്ന ബാറ്റിങ് നിര ഒരു പോരാട്ടമെങ്കിലും കാഴ്ചവെക്കാൻ ഒരുങ്ങിയാണ് ഇന്ത്യക്കെതിരെ ഇന്ന് മത്സരിക്കാൻ ഇറങ്ങിയത്. എന്നാൽ ബംഗ്ലാദേശ് പ്രതീക്ഷകളെ മൊത്തം എറിഞ്ഞുടക്കുന്ന കാഴ്ചയായിരുന്നു ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം എടുത്തുവെച്ചിരുന്നത്. വെറും 150 റൺസിനാണ് ഇൻഡോറിൽ ബംഗ്ലാദേശ് ബാറ്റിങ് നിര ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞത്. 
 
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് തീരുമാനം തുടക്കത്തിൽ തന്നെ തെറ്റെന്ന്  തെളിയിച്ചുകൊണ്ടാണ് ഇന്ത്യ പേസ് ആക്രമണം ആരംഭിച്ചത്. വെറും 31റൺസ് എടുക്കുന്നതിനിടയിൽ തന്നെ ബംഗ്ലാദേശിന്റെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെ ഇന്ത്യൻ പേസ് ബൗളിങ് നിര കൂടാരം കയറ്റി. മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ഇഷാന്ത് എന്നിവർ ഓരോ വിക്കറ്റുകൾ നേടി. 
 
തുടർന്ന് മുഹമ്മദ് മുഷ്ഫിഖര്‍ റഹീം (43), മൊമിനുള്‍ ഹഖ് (37) എന്നിവരിലൂടെ ബംഗ്ലാദേശ് മത്സരം തിരിച്ചുപിടിക്കാൻ ശ്രമിച്ചുവെങ്കിലും സ്കോർ 99ൽ നിൽക്കെ മൊമിനുള്‍ ഹഖിനെ പുറതാക്കികൊണ്ട് അശ്വിൻ ഇന്ത്യക്ക് ആവശ്യമായ ബ്രേക്ക് നൽകി. 
അപകടകാരിയായ മുഹമ്മദുള്ളയേയും തൊട്ടടുത്ത വിക്കറ്റിൽ അശ്വിൻ പവലിയനിലേക്ക് അയച്ചതോട് കൂടി മത്സരം ഇന്ത്യയുടെ കയ്യിലായി. 
 
എങ്കിലും ക്രീസിൽ നിലയുറപ്പിച്ച മുഷ്ഫിഖര്‍ റഹീം ഒരറ്റത്ത് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമം നടത്തി. എന്നാൽ 43 റൺസെടുത്ത റഹീമിനെ പുറത്താക്കികൊണ്ട് മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശ് സ്കോർ ഉയരുന്നതിനുള്ള അവസാന സാധ്യതയും ഇല്ലതെയാക്കിയത്. ആറാമനായി മുഷ്ഫിഖര്‍ റഹീം പുറത്താകുമ്പോൾ ബംഗ്ലാദേശ് 140 റൺസാണ് എടുത്തിരുന്നത്. ഇതിൽ നിന്നും 10 റൺസ് കൂട്ടിച്ചേർക്കാൻ മാത്രമേ  തുടർന്നെത്തിയവർക്ക് സാധിച്ചുള്ളു. ഏഴാമനായി ഇറങ്ങിയ മെഹ്ദി ഹസനെ ഷമി തന്നെ പൂജ്യത്തിന് പുറത്താക്കിയപ്പോൾ വാലറ്റക്കാരെ ഇഷാന്ത് ശർമയും ഉമേഷും കൂടി പുറത്താക്കി ബാക്കി ചടങ്ങ് കൂടി പൂർത്തിയാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article