ഓസീസിനെ മഴയും തുണച്ചില്ല; മെല്‍‌ബണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം

ഞായര്‍, 30 ഡിസം‌ബര്‍ 2018 (10:15 IST)
37 വര്‍ഷങ്ങള്‍ക്ക് ശേഷം ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഇന്ത്യക്ക് ചരിത്രവിജയം. അവസാന ദിവസം രണ്ട് വിക്കറ്റ് മാത്രം കൈയിരിലിരിക്കെ ജയിക്കാൻ 141 റൺസ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 261 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യ – ഏഴു വിക്കറ്റിന് 443 ഡിക്ല, എട്ടിന് 106 ഡിക്ല; ഓസീസ് 151, 261

മഴ മാറി കളി ആരംഭിച്ചതിന് പിന്നാലെ 20 മിനിറ്റിനുള്ളില്‍ അവസാന രണ്ടു വിക്കറ്റും ഓസീസിന് നഷ്ടമായി. ടെസ്റ്റിന്റെ വിധിനിർണയം അഞ്ചാം ദിനത്തിലേക്കു നീട്ടിയ പാറ്റ് കമ്മിൻസിനെ ജസ്പ്രീത് ബുമ്രയും നഥേൻ ലിയോണിനെ ഇഷാന്ത് ശർമയും പുറത്താക്കിയതോടെയാണ് മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ വിജയം കണ്ടത്. 114 പന്തിൽ നിന്ന് 63 റൺസെടുത്ത കമ്മിൻസാണ് ആദ്യം പുറത്തായത്.

രണ്ട് ഇന്നിംഗ്‌സുകളിലായി 9 വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയുടെ വിജയശില്‍‌പ്പിയും കളിയിലെ കേമനും. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സായപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലും ഒന്നാകെ 398 ലീഡാണ് ഇന്ത്യ നേടിയത്.

മെല്‍‌ബണിലെ ജയത്തോടെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്നിയിൽ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍