India vs West Indies 2nd Test: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചു. അവസാന ദിനം മഴ കളിച്ചതോടെയാണ് രണ്ടാം ടെസ്റ്റ് സമനിലയില്‍ ആയത്. ശക്തമായ മഴയേയും മോശം കാലാവസ്ഥയേയും തുടര്‍ന്ന് ഓരോവര്‍ പോലും എറിയാന്‍ അവസാന ദിനം സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് നേടിയിരുന്നു. 289 റണ്‍സ് കൂടിയായിരുന്നു വിന്‍ഡീസിന് എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത്.
365 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 76-2 എന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിങ്സില്‍ 183 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സായപ്പോള്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെറും 24 ഓവറിലാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 181 റണ്‍സ് നേടിയത്. രോഹിത് ശര്‍മ (44 പന്തില്‍ 57), ഇഷാന്‍ കിഷന്‍ (34 പന്തില്‍ പുറത്താകാതെ 52) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 438 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 255 റണ്‍സിന് ഓള്‍ഔട്ടായി.
രണ്ടാം ടെസ്റ്റ് സമനിലയിലായതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചക്രത്തിലെ ഇന്ത്യയുടെ ആദ്യ പരമ്പരയായിരുന്നു ഇത്.