രണ്ടാം ടെസ്‌റ്റിലും രോഹിത് കളിക്കില്ല ?; കോഹ്‌ലിക്ക് താല്‍പ്പര്യം യുവതാരത്തിനോട് - എതിര്‍പ്പറിയിച്ച് മുന്‍ താരം

തിങ്കള്‍, 26 ഓഗസ്റ്റ് 2019 (15:03 IST)
സ്‌ക്വാഡിലുണ്ടായിട്ടും ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മയെ എന്തുകൊണ്ട് ടെസ്‌റ്റ് മത്സരങ്ങളില്‍ കളിപ്പിക്കുന്നില്ല എന്ന ചോദ്യം നാളുകളായി ഉയരുന്നുണ്ട്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത താരമാണ് രോഹിത്. എന്നാല്‍, ക്രിക്കറ്റിന്റെ സൌന്ദര്യമെന്നറിയപ്പെടുന്ന ടെസ്‌റ്റ് മത്സരങ്ങളില്‍ രോഹിത്തിന് സ്ഥാനം പിടിക്കാനാകുന്നില്ല.

ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ എത്തിയ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്‌റ്റ് മത്സരത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയതും നിരവധി ആരോപണങ്ങള്‍ വിധേയമായി. ഹിറ്റ്‌മാന് പകരം മധ്യനിരയില്‍ ഹനുമ വിഹാരിയാണ് ആറാം നമ്പറിലെത്തിയത്. ഇതോടെ എതിര്‍പ്പ് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ‌‌റുദീന്‍ രംഗത്തുവന്നു.

സ്‌ക്വാഡിലുണ്ടെങ്കില്‍ പ്ലെയിംഗ് ഇലവനില്‍ രോഹിത്തിനെ കളിപ്പിക്കണം. പരിമിത ഓവറിലെ മികച്ച താരമായ അദ്ദേഹം മികച്ച താരമാണ്. ടെസ്‌റ്റില്‍ ഹിറ്റ്‌മാന്റെ റെക്കോര്‍ഡ് മോശമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍, ഏറെക്കാലം ടെസ്‌റ്റില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ് രോഹിത്തെന്നും അസ‌‌റുദീന്‍ പറഞ്ഞു.

ആന്‍റിഗ്വ ടെസ്‌റ്റില്‍ രോഹിത്തിന് പകരക്കാരനായി ടീമിലെത്തിയ വിഹാരി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തകര്‍ച്ച നേരിട്ട ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ അജിങ്ക്യാ രഹാനയുമായി മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ യുവതാരത്തിനായി. രണ്ടാം ഇന്നിംഗ്‌സില്‍ 93 റണ്‍സാണ് വിഹാരി അടിച്ചു കൂട്ടിയത്. ഈ സാഹചര്യത്തില്‍ രണ്ടാം ടെസ്‌റ്റിലും രോഹിത്തിന് പകരമായി വിഹാരി ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍