പലതും തെളിയിക്കാനുണ്ട് ടീം ഇന്ത്യക്ക്, ലോകകപ്പ് സെമിയിലെ തോല്‍വിയുടെ നാണക്കേട് കഴുകി കളയുന്നതിനൊപ്പം രോഹിത് ശര്‍മ്മയുമായി യാതൊരു പ്രശ്‌നമില്ലെന്നും ടീം ഒറ്റക്കെട്ടാണെന്നും കോഹ്‌ലിക്ക് തെളിയിക്കണം.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി-20 പോരിനിറങ്ങുമ്പോള്‍ ആരോപണങ്ങളെ എല്ലാം ബൌണ്ടറിക്ക് പുറത്തേക്ക് പറത്തിയുള്ള വിജയമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. വിന്‍ഡീസിന്റെ അതിശക്തമായ ട്വന്റി-20 ടീമിനെ യുവാക്കളുടെ നിരയെ അണിനിരത്തി കീഴടക്കുകയാണ് കോഹ്‌ലിയുടെ ലക്ഷ്യം.
പരുക്കിന്റെ പിടിയില്‍ നിന്നും രക്ഷനേടിയ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്നാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. രോഹിത്, ധവാന്‍, കോഹ്‌ലി, രാഹുല്‍, പന്ത് എന്നിവര്‍ ടീമിലുണ്ടാകും. നിര്‍ണായകമായ നാലാം നമ്പറില്‍ വീണ്ടും പരീക്ഷണം നടക്കും. അഞ്ചാം സ്ഥാനത്ത് മനീഷ് പാണ്ഡേയെ മറികടന്ന് ശ്രേയസ് അയ്യരെത്തിയേക്കും.
രവീന്ദ്ര ജഡേജയും രാഹുല്‍ ചഹറും സ്‌പിന്നര്‍മാരായി ഇടംപിടിക്കുമ്പോള്‍ പേസര്‍മാരായി ഭുവിയും സെയ്‌നിയും ഖലീല്‍ അഹമ്മദും എത്തിയേക്കും. അങ്ങനെ എങ്കില്‍ ചഹറിന്റെയും സെയ്നിയുടെയും അരങ്ങേറ്റമായിരിക്കും ഫ്ലോറിഡയില്‍ കാണുക.
അതേസമയം ട്വന്റി-20യില്‍ വിന്‍ഡീസിനെ എഴുതിത്തള്ളാനാവില്ല. എന്നാല്‍, ക്യാപ്റ്റൻ കാർലോസ് ബ്രാത്‌വെയ്റ്റിന്റെ നേതൃത്വത്തിൽ യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങുന്ന വമ്പന്‍ നിരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
സുനില്‍ നരെയ്ന്‍, കീറൺ പൊള്ളാര്‍ഡ്, നിക്കോളാസ് പൂരന്‍, ഷെൽഡൺ കോട്രല്‍, എവിന്‍ ലൂവിസ്, ഷിമ്രോൺ ഹെറ്റ്മയര്‍, ഒഷെയ്ന്‍ തോമസ് എന്നിവരടങ്ങുന്ന വിന്‍ഡീസ് ടീമിന് ആരെയും വിറപ്പിക്കാന്‍ കഴിയും. കോട്രലിന്റെ ആദ്യ ഓവറുകള്‍ മത്സരത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ആന്ദ്രേ റസല്‍ പരുക്കേറ്റ് പിന്‍മാറിയത് വിന്‍ഡീസിന് തിരിച്ചടിയാവും.