രോഹിത് മാജിക്, റാഞ്ചിയിൽ ഹിറ്റ്മാൻ തകർത്ത 8 റെക്കോർഡുകൾ

ചിപ്പി പീലിപ്പോസ്

തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (16:01 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറുടെ വേഷത്തിലേക്കു മാറിയതോടെ അസാമാന്യ ഫോമിൽ കുതിക്കുകയാണ് ഇന്ത്യൻ താരം രോഹിത് ശർമ. ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി. മൂന്നാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയും. ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിംഗ് വിരുന്നിരുക്കി റൺമഴ പെയ്യിച്ച് മുന്നേറുകയാണ് ഹിറ്റ്‌മാൻ. ഇന്ത്യയുടെ റൺ‌മെഷീൻ. 
 
റാഞ്ചിയിലെ മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി കൂടി നേടിയതോടെ രോഹിത് ശർമ തകർത്തെറിഞ്ഞത് 8 റെക്കോർഡുകളാണ്. ഒരു ദിവസം കൊണ്ട് നിരവധി താരങ്ങളെ പിന്നിലാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ. റാഞ്ചിയിലെ ഇന്നിംഗ്സിലൂടെ രോഹിത് പിന്നിലാക്കിയ താരങ്ങളും റെക്കോർഡുകളും എന്തെല്ലാമാണെന്ന് നോക്കാം. 
 
ഇന്ത്യൻ മണ്ണിൽ ഏറ്റവും മികച്ച ശരാശരിയെന്ന റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് രോഹിത്. ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് ആണ് താരം തകർത്തത്. ബ്രാഡ്മാന്റെ ശരാശരി 98.22 ൽ നിൽക്കുമ്പോൾ ഇന്ത്യൻ മണ്ണിൽ രോഹിത്തിന്റെ ടെസ്റ്റ് ശരാശരി 99.84 ആണ്.
 
ഏകദിനത്തിലും ടെസ്റ്റിലും ഇരട്ട സെഞ്ചുറി നേടുന്ന താരങ്ങൾ എന്ന ലിസ്റ്റിൽ തന്റെ സ്ഥാനം ഉയർത്തിയിരിക്കുകയാണ് രോഹിത്. നാലാം സ്ഥാനമാണ് രോഹിതിനു ഇപ്പോഴുള്ളത്. സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, ക്രിസ് ഗെയ്ൽ എന്നിവരാണു മുൻപു നേട്ടത്തിലെത്തിയത്. 
 
പരമ്പരയിൽ ബാറ്റുചെയ്ത 4 ഇന്നിങ്സുകളിൽ നിന്നായി രോഹിത് ശർമ നേടിയതു 529 റൺസാണ്. ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ ഏറ്റവും അധികം റൺസ് നേടുന്ന താരമായി രോഹിത് ഇതോടെ മാറി. 
498 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസിനെയാണ് രോഹിത് പിന്നിലാക്കിയത്. 
 
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറെന്ന വീരേന്ദർ സേവാഗിന്റെ റെക്കോർഡിനു തൊട്ടരികിലെത്താനും താരത്തിനു കഴിഞ്ഞു. 2005ൽ പാക്കിസ്ഥാനെതിരെ 544 റൺസാണ് സേവാഗ് കരസ്ഥമാക്കിയത്. 529ൽ നിൽക്കുന്ന രോഹിതിനു ഈ നേട്ടം സ്വന്തമാക്കണമെങ്കിൽ 15 റൺസ് മാത്രമാണ് ആവശ്യമുള്ളത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നാൽ സേവാഗിന്റെ റെക്കോർഡ് തകരുമെന്ന കാര്യത്തിൽ സംശയമില്ല. 
 
ഒരു പരമ്പരയിൽ 500നു മുകളിൽ റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഓപ്പണർ കൂടിയാണ് രോഹിത്. ഈ ലിസ്റ്റിൽ വ്യക്തമായ സ്ഥാനം പോലുമില്ലാതിരുന്ന രോഹിത് ഒറ്റൊറ്റ മത്സരത്തിലൂടെ തന്റെ സ്ഥാനം അഞ്ചാമത് ഉറപ്പിച്ചിരിക്കുകയാണ്. 
 
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡും രോഹിതിനു സ്വന്തം. വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയറിന്റെ റെക്കോർഡാണ് ഹിറ്റ്മാൻ തകർത്തത്. കഴിഞ്ഞ വർഷം ബംഗ്ലദേശിനെതിരെ 15 സിക്സാണ് വിൻഡീസ് താരം നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ 19 സിക്സുകളാണ് രോഹിത് നേടിയത്. 
 
ഇതോടൊപ്പം, ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ താരമെന്നും റെക്കോർഡും രോഹിത് ശർമയ്ക്ക് തന്നെ. ഹർഭജൻ സിങ്ങിന്റെ പേരിലായിരുന്നു ആ റെക്കോർഡ് ഇതുവരെ. 2011ൽ ന്യൂസീലൻഡിനെതിരെ 14 സിക്സുകളാണ് ഹർഭജൻ നേടിയത്. 
 
ഒരു പരമ്പരയിൽ ഒരേ ബോളർക്കെതിരെ കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡും രോഹിതിനു സ്വന്തം. ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൻ പീറ്റിനെതിരെ 11 സിക്സ് ആണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍