രണ്ടാം ട്വന്റി-20 നാളെ; ടീമില്‍ വന്‍ അഴിച്ചു പണി, ധോണിയുടെ സ്ഥാനംവരെ ഇളകും
വ്യാഴം, 7 ഫെബ്രുവരി 2019 (15:50 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി-20യില്‍ തകര്‍ന്നടിഞ്ഞ ടീമിനെ കരകയറ്റാനുറച്ച് രോഹിത് ശര്‍മ്മ. ആദ്യ മത്സരത്തില്‍ 80 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ടീം കോമ്പിനേഷനില്‍ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് ഉറപ്പായി.
രണ്ടാം ട്വന്റി-20 നഷ്‌ടമായാല്‍ പരമ്പര കിവിസിന് സ്വന്തമാകും. ഈ സാഹചര്യത്തില്‍ വന്‍ അഴിച്ചു പണിയാണ് പരിശീലകന്‍ രവി ശാസ്‌ത്രിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. വിജയ് ശങ്കര്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഖലീല്‍ അഹമ്മദ് എന്നിവരുടെ സ്ഥാനങ്ങള്‍ക്കാണ് ഇളക്കം സംഭവിക്കുക.
രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഓപ്പണിംഗില്‍ തുടരും. ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ടീമിനെ കരകയറ്റുന്നതില്‍ പരാജയപ്പെട്ട വിജയ് ശങ്കറിനെ ഒഴിവാക്കിയേക്കും. ശുഭ്മാന്‍ ഗില്ലാകും പകരം ടീമില്‍ എത്തുക. വേണ്ടിവന്നാല്‍ ധോണിയെ വണ്‍ ഡൗണില്‍ പരീക്ഷിക്കാനും രോഹിത് താല്‍പ്പര്യം കാണിക്കുന്നുണ്ട്.
ധോണി മൂന്നാമനായി എത്തിയാല്‍ റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും തമ്മിലാകും നാലാം സ്ഥാനത്തിനായി മത്സരം നടക്കുക. ഇരുവരെയും ഒരുമിപ്പിച്ച് കളിപ്പിക്കേണ്ടതുണ്ടോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യുവതാരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കണമെന്നാണ് അടുത്ത മത്സരത്തിലെയും നയമെങ്കില്‍ പന്ത് കളിക്കുമെന്നുറപ്പ്. അപ്പോള്‍ ഫിനിഷറുടെ റോളുള്ള കാര്‍ത്തിക്ക് പുറത്താകുകയും പകരം കേദാര്‍ ജാദവ് ടീമില്‍ കയറി പറ്റുകയും ചെയ്യും.
ധോണിയെ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഇറക്കണമെന്നാണ് തീരുമാനമെങ്കില്‍ ഫിനിഷറുടെ റോള്‍ നിര്‍വഹിക്കാനായി കാര്‍ത്തിക്ക് കളിക്കും. എന്നാല്‍, മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള കൂറ്റടിക്കാരനായ ഹര്‍ദിക് പാണ്ഡ്യ വാലറ്റത്തുള്ളത് കാര്‍ത്തിക്കിന് തിരിച്ചടിയാണ്.
വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രണ്ട് ഓള്‍ റൗണ്ടര്‍മാര്‍ വേണമെന്നാണ് മാനേജ്‌മെന്റ് തീരുമാനം. ഇത് ഹര്‍ദിക് പാണ്ഡ്യയ്‌ക്കും ക്രുനാല്‍ പാണ്ഡ്യയ്‌ക്കും നേട്ടമാകും. ബോളിംഗ് ഡിപ്പാര്‍ട്ട് മെന്റിലും മാറ്റങ്ങള്‍ വരും. ഖലീല്‍ അഹമ്മദിന് പകരമായി സിദ്ദാര്‍ഥ് കൗള്‍ എത്തുമ്പോള്‍ ചാഹലിനൊപ്പം കുല്‍ദീപ് യാദവ് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.