ഒച്ചിഴയും വേഗത്തിലുള്ള ധോണിയുടെ ബാറ്റിംഗ്; പ്രതികരണവുമായി കോഹ്‌ലി രംഗത്ത്

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (17:20 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ മെല്ലപ്പോക്ക് ബാറ്റിംഗിന്റെ പേരില്‍ പഴികേട്ട മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്.

മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ബെസ്‌റ്റ് ഫിനിഷര്‍ എന്ന വിളി  ധോണിയെ തേടിയെത്തും. ചില ദിവസങ്ങളില്‍ എല്ലാം മോശമായിട്ടാകും നടക്കുക. അപ്പോള്‍ തന്നെ ചിലര്‍ വിലയിരുത്തലുകളുമായി രംഗത്തുവരുകയും ചെയ്യുമെന്നും കോഹ്‌ലി പറഞ്ഞു.

ക്രിക്കറ്റില്‍ മോശം ദിവസങ്ങള്‍ സാധാരണമാണ്. കഴിഞ്ഞ മത്സരം എല്ലാവര്‍ക്കും അങ്ങനെയായിരുന്നു. ധോണി വലിയ ഇന്നിംഗ്‌സുകള്‍ കളിക്കണമെന്നാണ് വിമര്‍ശകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമുണ്ട്. ചിലര്‍ അവര്‍ക്കാവശ്യമുള്ള നിഗമനങ്ങളില്‍ എത്തിച്ചേരാനാണ് ആഗ്രഹിക്കുന്നത്. അതിന് തനിക്ക് ആഗ്രഹമില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ 322 റണ്‍സിനെതിരേ ഇന്ത്യ 236ന് പുറത്താകുകയായിരുന്നു. മത്സരത്തില്‍ 59 പന്തുകളില്‍ ധോണിക്ക് നേടാന്‍ കഴിഞ്ഞത് 37 റണ്‍സ് മാത്രമാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ മെല്ലപ്പോക്കില്‍ കലികയറിയ ആരാധകര്‍ അദ്ദേഹത്തെ കൂകി വിളിക്കുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article