അശ്വിന്‍ എറിഞ്ഞിട്ടു, ഓസ്‌ട്രേലിയ കറങ്ങി വീണു; രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത ജയം
ചൊവ്വ, 7 മാര്‍ച്ച് 2017 (15:20 IST)
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 188 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ്‌ക്ക് തോല്‍വി. രണ്ടാം ടെസ്‌റ്റിലെ ജയത്തോടെ ഇന്ത്യ പൂനെ ടെസ്‌റ്റിലെ തോല്‍വിക്ക് പകരം വീട്ടി പരമ്പരയില്‍ ഒപ്പമെത്തി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 75 റണ്‍സിനാണ് പരാജയം സമ്മതിച്ചത്.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 189, രണ്ടാം ഇന്നിംഗ്സ് 274. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 276, രണ്ടാം ഇന്നിംഗ്സ് 112. ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യയുടെ അവിശ്വസ്നീയമായ തിരിച്ചുവരവാണ് ബംഗ്ലൂര്‍ ടെസ്റ്റിൽ കണ്ടത്.
46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും ജയം സമ്മാനിച്ചത്. 101/4 എന്ന നിലയിൽ നിന്നുമാണ് ഓസീസ് 112ന് പുറത്തായ്. 28 റണ്‍സ് നേടിയ നായകൻ സ്റ്റീവ് സ്മിത്താണ് സന്ദർശകരുടെ ടോപ്പ് സ്കോറർ. ഡേവിഡ് വാർണർ(17), റെൻഷോ (5), സ്മിത്ത് (28), ഷോൺ മാർഷ് (9), മിച്ചൽ മാർഷ് (13), മാത്യൂ വെയ്ഡ് (0), ഹാന്‍ഡ്സ്‌കോമ്പ് (24), മിച്ചല്‍ സ്‌റ്റാര്‍ക്ക് (1), ഒക്കീഫി (2), നാഥന്‍ ലയോണ്‍ (2), ഹെയ്‌സല്‍വുഡ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.
നേരത്തെ, രണ്ടാമിന്നിങ്സിലും ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നടിഞ്ഞു. നാലിന് 213 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 274 റൺസിനാണ് പുറത്തായത്.