India's squad for England Test Series: നയിക്കാൻ ഗിൽ, ഷമി പുറത്ത്, കരുൺ തിരിച്ചെത്തി; ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയുടെ 37-ാമത് ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം കരുൺ നായരും ഉൾപ്പെട്ടു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഋഷഭ് പന്തിനെ തിരഞ്ഞെടുത്തു. മുംബൈയിൽ നടന്ന സീനിയർ സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ബിസിസിഐ അന്തിമ പട്ടിക പുറത്തുവിട്ടത്.
ജൂൺ 20 ന് ഹെഡിംഗ്ലിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ തിരഞ്ഞെടുക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനലും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും ബോർഡ് ആസ്ഥാനത്ത് യോഗം ചേരുകയായിരുന്നു. പേസ് ബോളർ ജസ്പ്രീത് ബുമ്ര ടീമിലുണ്ടെങ്കിലും പരുക്കിന്റെ പിടിയിലായതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്.
മുഹമ്മദ് ഷമിക്ക് ടീമിൽ ഇടം ലഭിച്ചില്ല. ഐപിഎലിൽ ശുഭ്മൻ ഗില്ലിന്റെ വിശ്വസ്തനായ സായ് സുദര്‍ശനും ടീമിലുണ്ട്. കുൽദീപ് യാദവ് മാത്രമാണ് ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നർ. രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവരും സ്പിന്നർമാരായുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും കഴിവു തെളിയിച്ചിട്ടും ശ്രേയസ് അയ്യരെ ടീമിലേക്കെടുത്തില്ല.
'ഒന്നോ രണ്ടോ പരമ്പരകൾക്ക് മാത്രമായി ക്യാപ്റ്റനെ തിരഞ്ഞെടുക്കരുത്. നമ്മൾ ദീർഘകാലത്തേക്ക് ചിന്തിക്കണം. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോഴും അതിനു മുൻപും ശുഭ്മാന്റെ പ്രകടനം ഞങ്ങൾ വിലയിരുത്തുകയായിരുന്നു. ഗ്രൗണ്ടിലെന്ന പോലെ ഡ്രസ്സിംഗ് റൂമിലും അദ്ദേഹം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്', ടീം പ്രഖ്യാപിച്ച ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, വാഷിങ്ടന്‍ സുന്ദർ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.