ഇന്ത്യ- പാകിസ്ഥാന്‍ ഹൈവോള്‍ട്ടേജ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാക് ബോളിംഗിന്റെ കൂന്തമുനയായ മുഹമ്മദ് ആമീറിന് സമ്മാനവുമായി ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ശനിയാഴ്‌ച നടന്ന പരിശീലനത്തിനിടെയാണ് അമീറിന് തന്റെ വിലകൂടിയ വില്ലോ ബാറ്റ് കോഹ്‌ലി സമ്മാനിച്ചത്.
നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്ന കോഹ്‌ലിക്ക് സമീപത്തേക്ക് പാക് നായകന്‍ ഷാഹിദ് അഫ്രീദിയും ആമീറും എത്തുകയായിരുന്നു. തുടര്‍ന്ന് മൂവരും സംസാരിക്കുകയും സൌഹൃദം പുതുക്കുകയും ചെയ്‌തു. ഇതിനിടെ കോഹ്‌ലി ആമീറിന് ബാറ്റ് സമ്മാനിക്കുകയായിരുന്നു. ബാറ്റ് സന്തോഷത്തോടെ സ്വീകരിച്ച ആമീര്‍ കോലിക്ക് നന്ദി പറയുകയും, പിന്നെയും അല്‍പനേരം കൂടി സംസാരിച്ച ശേഷം തന്റെ പരിശീലന തിരക്കിലേക്ക് മടങ്ങുകയും ചെയ്തു.
വാതുവെപ്പ് ഇടപാടില്‍ വിലക്ക് നേരിട്ട ആമീര്‍ ഏഷ്യാകപ്പിലൂടെയാണ് പാക് ടീമിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ ബോള്‍ ചെയ്‌ത പാക് താരത്തെ അഭിനന്ദിച്ച് കോഹ്‌ലി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ താരത്തിന്റെ സ്‌നേഹത്തില്‍ സന്തോഷം പ്രകടിച്ച ആമിറും കുടുംബവും പാകിസ്ഥാനില്‍ നിന്ന് പ്രതിഷേധങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. ഇതിനിടെ ആമീറിന് തന്റെ ബാറ്റ് സമ്മാനിക്കുമെന്ന് കോഹ്‌ലി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.