നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് നേടിയത്. മത്സരത്തിൽ മാർട്ടിൻ ഗുപ്ടിലും ഹെൻറി നിക്കോൾസും ചേർന്ന് മികച്ച തുടക്കം കിവികൾക്ക് നൽകിയെങ്കിലും തുടർന്ന് തുടരെ വിക്കറ്റുകൾ വീണത് കിവികളെ പ്രതിരോധത്തിലാക്കി. ഒരു ഘട്ടത്തിൽ 93/1 എന്ന നിലയിലായിരുന്ന ന്യൂസിലൻഡിന് പക്ഷെ 197 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടപ്പെട്ടു. തുടർന്ന് ഒമ്പതാം വിക്കറ്റിൽ പേസ് ബൗളര്‍ കെയ്ല്‍ ജാമിസണെ കൂട്ടുപിടിച്ച് കഴിഞ്ഞ മത്സരത്തിലെ ഹീറൊയായിരുന്ന റോസ് ടെയ്‌ലർ ആണ് മത്സരം കിവികൾക്ക് അനുകൂലമാക്കിയത്. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റില്‍ പുറത്താകാതെ 76 റണ്‍സ് കൂട്ടിചേർത്തു. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 142 എന്ന നിലയിൽ നിന്നും 55 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റുകളാണ് കിവികൾ നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ ന്യൂസിലൻഡിന് വേണ്ടി റോസ് ടെയ്‌ലർ 73ഉം മാർട്ടിൻ ഗുപ്ടിൽ 79ഉം റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പക്ഷേ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ തന്നെ ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടപ്പെട്ടു. പിന്നാലെ 24 റൺസെടുത്ത പൃഥ്വി ഷായെ ജാമിസൺ പുറത്താക്കി. ജാമിസൺന്റെ ആദ്യ അന്താരാഷ്ട വിക്കറ്റാണിത്. മത്സരത്തിൽ വിരാട് കോലി 15 റൺസും,കെ എൽ രാഹുൽ നാലും, കേദാർ ജാദവ് ഒൻപതും നേടി പുറത്തായതോടെ കനത്ത തോൽവിയുടെ സൂചനകൾ ഇന്ത്യക്ക് ലഭിച്ചെങ്കിലും അർധ സെഞ്ച്വറി പ്രകടനത്തോടെ ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ കരകയറ്റി. ശ്രേയസ് 52 റൺസും ജഡേജ 55 റൺസും നേടി.
ഒരു ഘട്ടത്തിൽ ഏഴിന് 153 എന്ന നിലയിലായിരുന്ന ഇന്ത്യയെ നവ്‌ദീപ് സൈനിയും ജഡേജയും ചേർന്നാണ് മത്സരത്തിൽ തിരികെ എത്തിച്ചത്. 49 പന്ത് നേരിട്ട സൈനി രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയപ്പോൾ 76 റൺസാണ് എട്ടാം വിക്കറ്റിൽ പിറന്നത്. സൈനി കൂടി ഗാലറിയിലേക്ക് മടങ്ങിയപ്പോൾ ഇന്ത്യൻ പ്രതീക്ഷകളും അസ്ഥാനത്തായി. ഒമ്പതാമതായി ഇറങ്ങിയ ചാഹൽ റണ്ണൗട്ടായപ്പോൾ 49മത് ഓവറിന്റെ മൂന്നാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ജഡേജ ലോങ് ഓഫില്‍ ഗ്രാന്‍ഹോമിന്റെ കൈകളില്‍ ഒതുങ്ങി. 73 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്.